തമിഴ്നാട്ടിലെ സീനിയര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രജ് കിഷോര്‍ രവി രാജി വെച്ചു

തമിഴ്നാട്ടിലെ സീനിയര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രജ് കിഷോര്‍ രവി സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് ബ്രജ് കിഷോര്‍ രവി. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ മൂന്ന് മാസം കൂടി മാത്രം ബാക്കിയിരിക്കെയാണ് ബ്രജ് കിഷോര്‍ രവിയുടെ രാജി പ്രഖ്യാപനം. വൊളണ്ടറി റിട്ടയര്‍മെന്റിന് ശേഷം അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയും തുടര്‍ന്നുള്ള ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ജന്മനാടായ ബിഹാറില്‍ നിന്ന് മത്സരിക്കുകയും ചെയ്യുമെന്നാണ് വിവരം.

യുപിഎസ്സി അടുത്തിടെ നടത്തിയ ഡിജിപിമാരുടെ എംപാനല്‍മെന്റില്‍, മൂന്ന് പേരടങ്ങിയ പാനലില്‍ രണ്ടാം സ്ഥാനത്താണ് രവികിഷോര്‍. ആദ്യത്തേത് തമിഴ്നാട് കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് അറോറയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലായ അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി പൊലീസ് കമ്മീഷണറാണ്.
രാഷ്ട്രീയത്തിലിറങ്ങുന്ന രണ്ടാമത്തെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് രവി കിഷോര്‍. അടുത്തിടെ, 1991 ബാച്ച് ഐപിഎസ് ഓഫീസറും ബീഹാര്‍ സ്വദേശിയുമായ കരുണ സാഗര്‍ റിട്ടയര്‍മെന്റിന് ശേഷം രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) ചേര്‍ന്നിരുന്നു. നിലവില്‍ ആര്‍ജെഡിയുടെ ദേശീയ വക്താവായ അദ്ദേഹം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

34 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍, ബോസ്‌നിയയിലും ഹെര്‍സഗോവിനയിലും ഐക്യരാഷ്ട്രസഭയില്‍ സേവനമനുഷ്ഠിച്ച രവി രണ്ടുതവണ യുഎന്‍ സമാധാന പരിപാലന മെഡല്‍ നേടിയിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ അദ്ദേഹം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലും സേവനമനുഷ്ഠിച്ചു. ബിഹാറിലെ കോണ്‍ഗ്രസുമായി ബന്ധമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തില്‍ എനിക്ക് താല്‍പ്പര്യമുണ്ട്. സാമൂഹ്യനീതി, മനുഷ്യാവകാശം എന്നീ മേഖലകളില്‍ ഔദ്യോഗികവും വ്യക്തിപരവുമായ തലങ്ങളില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഇത് എന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്നും സര്‍വ്വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് രവി കിഷോര്‍ പറഞ്ഞു.

More Stories from this section

family-dental
witywide