അധ്യാപകർ കുട്ടികളെക്കാൾ കഷ്ടം, സ്റ്റാഫ് മീറ്റിങ്ങിൽ അതിക്രമം; ബിജെപി അധ്യാപക സംഘടനാ നേതാവ് ഷാജി അറസ്റ്റിൽ

കോഴിക്കോട് : നരിക്കുനി എരവന്നൂര്‍ എ യു.പി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിങ്ങിനിടെ അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ബിജെപി അധ്യാപക സംഘടനാ നേതാവുകൂടിയായ പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകൻ എംപി ഷാജിയെയാണ് അറസ്റ്റ് ചെയ്തത്.

സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മർദിച്ചെന്നാണ് കേസ്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകനടക്കം നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

എം.പി ഷാജിയുടെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന നരിക്കുനി എരവന്നൂർ എ.യു.പി സ്കൂളിലെ സ്റ്റാഫ് മീറ്റിങ്ങിനിടെയാണ് തല്ലുണ്ടായത്. സ്കൂളിലെ രണ്ട് വിദ്യാർഥികളെ അധ്യാപകർ തല്ലിയ പരാതി അധ്യാപകർ ഇടപെട്ട് ഒത്തുതീർത്തിരുന്നു. എന്നാൽ സുപ്രീന വിവരം പൊലീസിന് കൈമാറിയിരുന്നു. ഇത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തല്ല് നടന്നത്.

സംഘർഷത്തിൽ ഏഴു പേർക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുപ്രീനയെയും ഭർത്താവിനെയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കൊടുവള്ളി എഇഒ യുടെ ശുപാര്‍ശ പ്രകാരമാണ് സ്‌കൂള്‍ മാനേജര്‍ സുപ്രീനയെ സസ്‌പെന്‍ഡ് ചെയ്തത്. എം പി ഷാജിയെ കുന്നമംഗലം എഇഒ യാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

More Stories from this section

family-dental
witywide