
കാലിഫോർണിയ: അമേരിക്കയിലെ 26 കാരിയായ ടെക് സിഇഒയെ തിങ്കളാഴ്ച ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡാറ്റാ ക്യൂറേറ്റിംഗ് കമ്പനിയായ ഇക്കോമാപ്പ് ടെക്‌നോളജീസിന്റെ സഹസ്ഥാപക പാവ ലാപെറെയെ ബാൾട്ടിമോർ പോലീസ് ഡിപ്പാർട്ട്‌മെന്റ് (ബിപിഡി) മൗണ്ട് വെർണോൺ പരിസരത്തുള്ള ഒരു അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ തലയിൽ മൂർച്ചയുള്ള ആയുധത്തിന്റെ അടയാളങ്ങളുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ജെയ്‌സൺ ഡീൻ ബില്ലിംഗ്‌സ്‌ലി 32 കാരനാണ് പ്രതി എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്കു വേണ്ടിയുള്ള തിരിച്ചിൽ നടക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 11:30 ഓടെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ വന്നെന്നും ഇതേ തുടർന്ന് തങ്ങൾ സംഭവസ്ഥലത്ത് എത്തിയെന്നും പൊലീസ് പറയുന്നു. അവിടെയെത്തിയപ്പോൾ മിസ് ലെപെറെയെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇവരുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. മെഡിക്കൽ എക്സാമിനറുടെ ഓഫീസ് മൃതദേഹം പരിശോധിക്കുന്നുണ്ട്.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രതിയെന്ന് സംശയിക്കുന്ന ജെയ്‌സൺ ഡീൻ ബില്ലിംഗ്‌സ്‌ലി, കൊലപാതകം, ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ ആയുധധാരിയായും അപകടകാരിയായും കണക്കാക്കണമെന്ന് പൊലീസ് പറഞ്ഞു.