ഇ-ബൈക്കുകളിൽ ജീവൻ പൊലിഞ്ഞ് അമേരിക്കയിലെ കൗമാരക്കാർ; നിയന്ത്രണങ്ങൾ ആവശ്യമോ?

ഇ-ബൈക്ക് സുരക്ഷയുടെ പേരിൽ ജൂൺ അവസാനത്തിലാണ് വടക്കൻ സാൻ ഡിയാഗോ കൗണ്ടിയിലെ ഒരു ബീച്ച് പട്ടണമായ എൻസിനിറ്റാസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കുറച്ച് ദിവസങ്ങൾക്കുള്ളിലാണ്, രണ്ട് കൗമാരക്കാർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സൈക്കിളുകൾ കാറുകളുമായി കൂട്ടിയിടിച്ചത്. രണ്ടുപേർക്കും ജീവൻ നഷ്ടപ്പെട്ടു. അവരിൽ ഒരാൾ, ഷോട്ട് പുട്ടിംഗ് പരിശീലനത്തിന് പോയ 15 വയസ്സുകാരനാണ്. “ഞങ്ങൾ എല്ലാവരും ദുഃഖിതരാണ്,” എന്നാണ് ടൗൺ മേയർ ടോണി ക്രാൻസ് അന്ന് NBC 7-നോട് പ്രതികരിച്ചത്.

ഈ വർഷം യുഎസിൽ ഒരു ദശലക്ഷം ഇ-ബൈക്കുകൾ വിൽക്കാൻ പ്രാപ്തിയുള്ള, കുതിച്ചുയരുന്ന ഇ-ബൈക്ക് വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന നഗരങ്ങളിൽ ഒന്നായി എൻസിനിറ്റാസ് മാറിക്കഴിഞ്ഞു. നഗരങ്ങളിൽ ചുറ്റിക്കറങ്ങാൻ കാറുകളെക്കാൾ എളുപ്പവും താരതമ്യേന ചിലവ് കുറഞ്ഞതും എന്ന നിലയിൽ ഇ-ബൈക്കുകൾ പ്രശംസ നേടുമ്പോൾ തിരക്കേറിയ റോഡുകളിലെ ട്രാഫിക്കിൽ ഇവയ്ക്കുള്ള സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വളരുന്നു. 2019 മുതൽ സൈക്കിളുകളോ ഇ-ബൈക്കുകളോ ആയി ബന്ധപ്പെട്ട അപടകങ്ങൾ ഇരട്ടിയിലധികമായതിനെത്തുടർന്ന് എൻസിനിറ്റാസിന് 10 മൈൽ വടക്കുള്ള കാൾസ്ബാഡ് കഴിഞ്ഞ വേനൽക്കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കാലിഫോർണിയയിലും ഒറിഗണിലും മറ്റ് സ്ഥലങ്ങളിലും നിരവധി കൗമാരക്കാർ അടുത്തിടെ ഇ-ബൈക്ക് അപകടങ്ങളിൽ മരിച്ചതായി അമേരിക്കൻ മാധ്യമമായ ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മുതിർന്നവരെക്കാൾ കൂടുതൽ റോഡപകടങ്ങൾ നേരിടുന്നത് കൗമാരപ്രായക്കാരാണെന്ന് റിപ്പോർട്ടുകൾ ശരിവയ്ക്കുന്നു. 20 വയസെങ്കിലുമായ ഡ്രൈവർമാരേക്കാൾ മൂന്നിരട്ടിയാണ് 16 നും 19 നും ഇടയിൽ പ്രായമുള്ള ഡ്രൈവർമാർ അപകടത്തിൽ മരിക്കാനുള്ള സാധ്യത. കൂടാതെ 10 നും 24 നും ഇടയിൽ ഉള്ള ഇരുചക്രവാഹനയാത്രികർ അപകടങ്ങളിൽ ഏറ്റവുമധികം എമർജൻസി റൂമുകളിൽ സ്ഥിരം സന്ദർശകരാണെന്ന് സെന്റർസ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു.

ഇ-ബൈക്കുകൾ ഓടിച്ച് പരിചയമില്ലാത്തവർക്ക് ഇവ കൈകാര്യം ചെയ്യുന്നതിൽ വെല്ലുവിളികളുണ്ട്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലെയും കൗമാരക്കാർക്ക് നിയമപ്രകാരം മണിക്കൂറിൽ 20 മൈൽ എന്നതാണ് വേഗപരിധി. എന്നാൽ പല ഇ-ബൈക്കുകൾക്കും മണിക്കൂറിൽ 70 മൈൽ വരെ സഞ്ചരിക്കാനാകും എന്നതാണ് വാസ്തവം.

“നമ്മിൽ ഭൂരിഭാഗവും നമ്മുടെ ജീവിതത്തിൽ സ്ഥിരമായി ചെയ്യുന്ന ഏറ്റവും അപകടകരമായ കാര്യമാണ് ഡ്രൈവിംഗ്,” ന്യൂയോർക്ക് ടൈംസിൽ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് 2010-ലെ പുലിറ്റ്‌സർ സമ്മാനം നേടിയ മാറ്റ് പറയുന്നു. “വളരെ അപകടസാധ്യതയുള്ള ട്രാഫിക് പരിതസ്ഥിതിയിൽ പരിശീലനമോ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ മറ്റൊരു ഉത്പന്നം കൂടി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്,” ഇ-ബൈക്കുകളെ കുറിച്ച് മാറ്റിന്റെ വാക്കുകൾ.

12 വയസ്സിന് താഴെയുള്ളവരെ ഇ-ബൈക്കുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്ന ഒരു ബിൽ കാലിഫോർണിയൻ പാർലമെന്റ് പരിഗണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.

“സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്കായി ഒരു ഓൺലൈൻ എഴുത്തുപരീക്ഷയും സ്റ്റേറ്റ് ഇഷ്യൂ ചെയ്ത ഫോട്ടോ ഐഡന്റിഫിക്കേഷനും സഹിതം ഒരു ഇ-ബൈക്ക് ലൈസൻസ് പ്രോഗ്രാം തയ്യാറാക്കുന്നതും പരിഗണനയിൽ ഉണ്ട്.”

ഇ-ബൈക്കുകൾ സാധാരണ സൈക്കിളുകളല്ലെന്നും എന്നാൽ നിലവിലെ നിയമങ്ങൾ അവയെ അങ്ങനെയാണ് കാണുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.