തിരുവനന്തപുരം: കാട്ടക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ചു കൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കുട്ടിയുടെ അകന്ന ബന്ധുവായ പൂവ്വച്ചല്‍ , പുളിങ്കോട് ,ഭൂമികയില്‍ പ്രിയരഞ്ജനെ തമിഴ്‌നാട്ടിലെ കന്യാകുമാരി കുഴിത്തുറയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കൃത്യം നടന്ന് 12ാംനാളാണ് പ്രതി പിടിയിലായത്.
കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി പുളിങ്കോട് അരുണോദയത്തില്‍ ആദിശേഖറി(15)നെ ഓഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയത്.
ക്ഷേത്രത്തിന് അടുത്ത് കളിച്ചുകൊണ്ട് നിന്ന ആദിശേഖര്‍ വീട്ടിലേക്ക് പോകാന്‍ സൈക്കിളില്‍ കയറവെ റോഡിന് വശത്ത് നിര്‍ത്തിയിരുന്ന കാര്‍ മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ആദിശേഖര്‍ മരിക്കുകയും ചെയ്തു. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കള്‍ പൊലീസ് നല്‍കിയിരിക്കുന്ന മൊഴി. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ തിരുവനന്തപുരം പേയാടിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു
teens death by mowed down by car; accused arrested