
ഹൈദരബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കോടീശ്വരന്മാരാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിലെ സ്വത്തു വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ ചെന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ജി വിവേകാനന്ദയാണ്. 600 കോടിയാണ് വിവേകാനന്ദയുടെ ആസ്തി.
വിവേകാനന്ദയ്ക്കും ഭാര്യയ്ക്കും കൂടി 377 കോടി വിലമതിക്കുന്ന ജംഗമവസ്തുക്കളുണ്ട്. കൂടാതെ കുടുംബത്തിന് 225 കോടിയുടെ മറ്റ് ആസ്തികളുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 41. 5 കോടിയുടെ കടബാധ്യതയുണ്ട്. വിവേകാനന്ദന്റെ വാര്‍ഷിക വരുമാനം 2019ല്‍ 4.66 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 6.26 കോടി രൂപയായി. ഭാര്യയുടേത് 6.09 കോടി രൂപയില്‍ നിന്ന് 9.61 കോടി രൂപയായി ഉയര്‍ന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളിലെ രണ്ടാമത്തെ സമ്പന്നന്‍ പലൈര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി ശ്രീനിവാസ് റെഡ്ഡിയാണ്. ഇയാളുടെ സമ്പാദ്യം 460 കോടിയാണ്. 44 കോടി രൂപ കടബാധ്യതയുണ്ട്. നാമനിര്‍ദശ പത്രിക സമര്‍പ്പിക്കുന്ന നവംബര്‍ ഒന്‍പതിന് റെഡ്ഡിയുടെ വീടുകളിലും ഓഫീസുകളിലും അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു റെഡ്ഡിയുടെ ആരോപണം. സമ്പന്നതയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാജ്ഗോപാല്‍ റെഡ്ഡിയുടെ ആസ്തി 71. 17 കോടിയാണ്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആസ്തി 26.33 കോടി രൂപയാണ്് 17.83 കോടിയുടെ ജംഗമ സ്വത്തുക്കളും 8.50 കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഉളളത്. ഭാര്യ ശോഭയുടെ പേരില്‍ ഏഴ് കോടിയുടെ സ്വത്തുക്കളാണ് ഉളളത്. ആകെ 17 കോടിയുടെ ബാധ്യതകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്ക് 4,798 സ്ഥാനാര്‍ത്ഥികളാണ് പട്ടിക സമര്‍പ്പിച്ചത്. നവംബര്‍ 13നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന.
Telangana polls: Congress’ G Vivek richest among candidates with over Rs 600 cr worth assets