
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ബിജെപി നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവും അഭിനേത്രിയുമായ വിജയശാന്തി പാർട്ടിവിട്ടു. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കാണ് വിജയ ശാന്തിയുടെ മടക്കം. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ വിജയശാന്തിയുടെ രാജി ബിജെപിക്ക് തിരിച്ചടിയായി. സീറ്റോ പദവികളോ ലഭിക്കാതിരുന്നതാണ് രാജിക്കു കാരണം എന്നാണ് സൂചന.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാതിരുന്ന വിജയശാന്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് രാജിക്കത്ത് അയച്ചു. വെള്ളിയാഴ്ച രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ വിജയശാന്തി കോൺഗ്രസിൽ ചേർന്നേക്കും എന്നാണ് സൂചന.
ഒരു മാസത്തിനുള്ളിൽ ബിജെപി വിടുന്ന നാലാമത്തെ പ്രധാന നേതാവാണ് വിജയ ശാന്തി. മുൻ എംപിമാരായ കൊമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി, ജി വിവേകാനന്ദ് എന്നിവരും മറ്റൊരു നേതാവായ എനുഗു രവീന്ദറും ബിജെപി വിട്ടിരുന്നു. രാജഗോപാൽ റെഡ്ഡിയും വിവേകാനന്ദും കോൺഗ്രസിൽ ചേർന്നു.
15 വർഷത്തിന് ശേഷം 2020 ഡിസംബറിലാണ് വിജയശാന്തി ബിജെപിയിൽ തിരിച്ചെത്തിയത്. തെലുങ്ക് സിനിമകളിലെ ആക്ഷൻ വേഷങ്ങളിലൂടെ ‘ലേഡി അമിതാഭ്’ എന്ന പേരിൽ പ്രശസ്തയായ വിജയശാന്തി 1997-ൽ ബിജെപിയിൽ ചേരുകയും പാർട്ടിയുടെ വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. തെലങ്കാനയ്ക്ക് പ്രത്യേക സംസ്ഥാന പദവിക്ക് വേണ്ടി പോരാടുന്നതിനായി അവർ 2005-ൽ ബിജെപി വിട്ട് ‘തല്ലി തെലങ്കാന’ എന്ന പേരിൽ ഒരു പ്രത്യേക സംഘടന രൂപീകരിച്ചു. പിന്നീട് അവർ തല്ലി തെലങ്കാനയെ തെലങ്കാന രാഷ്ട്ര സമിതിയിൽ ലയിപ്പിക്കുകയും 2009 ൽ മേഡക് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2014ൽ വിജയശാന്തി ടിആർഎസ് വിട്ട് കോൺഗ്രസിലെത്തി. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്ന് വിജയശാന്തി പാർട്ടിയിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.