
പട്ന: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ നിന്ന് കാണാതായ പൂജാരി വെടിയേറ്റു കൊല്ലപ്പെട്ടു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ദനാപൂർ ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. അന്ന് അർധരാത്രി ദനാപൂറിലെ ശിവക്ഷേത്രത്തിലാണ് മനോജിനെ ഏറ്റവുമൊടുവിലായി കണ്ടത്. മനോജ് കുമാറിന്റെ സഹോദരൻ അശോക് മുൻ ബിജെപി പ്രവർത്തകനാണ്.
ഇന്നലെ വൈകുന്നേരത്തോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തത്, അദ്ദേഹത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ടെന്ന് അധികൃതർ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, പോലീസിന്റെ അനാസ്ഥ ആരോപിച്ച് ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ദേശീയ പാതയിൽ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് വാഹനവും അഗ്നിക്കിരയാക്കി.
മനോജ് കുമാറിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം ചൊവ്വാഴ്ച പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഗ്രാമത്തിലെ സ്ഥിതി ഇപ്പോൾ നിയന്ത്രണത്തിലാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മതിയായ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ടെന്നും ഗോപാൽഗഞ്ച് സബ് ഡിവിഷണൽ പോലീസ് ഓഫീസർ പ്രഞ്ജൽ പറഞ്ഞു.
അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.










