
ടെക്സാസ്: ടെക്സാസിലെ ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗാ ടെക്സാസ് ഫാക്ടറിയില്‍ റോബോട്ടിന്റെ ആക്രമണത്തില്‍ എഞ്ചിനീയര്‍ക്ക് പരിക്ക്. അലുമിനിയം കാറിന്റെ ഭാഗങ്ങള്‍ നീക്കാന്‍ രൂപകല്‍പ്പന ചെയ്ത റോബോട്ടിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനാലാണ് ആക്രമണമുണ്ടായതെന്നും എഞ്ചിനീയര്‍ക്ക് ഗുരുതരമായ പരിക്കേറ്റതെന്നുമാണ് വിവരം. സംഭവം നടന്നിട്ട് രണ്ടു വര്‍ഷങ്ങളായെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പുതിയ കാസ്റ്റ് അലുമിനിയത്തില്‍ നിന്ന് കാറിന്റെ ഭാഗങ്ങള്‍ മുറിക്കാന്‍ ചുമതലപ്പെടുത്തിയ റോബോട്ടുകള്‍ക്കായി എഞ്ചിനീയര്‍ പ്രോഗ്രാമിംഗ് നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് റോബോട്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കിയപ്പോള്‍, മൂന്നാമത്തേത് അശ്രദ്ധമായി പ്രവര്‍ത്തനക്ഷമമായതാണ് ആക്രമണത്തിലേക്ക് നയിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ടെസ്ല വിസമ്മതിച്ചു.
യുഎസ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷനില്‍ സമര്‍പ്പിച്ച പരിക്കിന്റെ റിപ്പോര്‍ട്ടിലാണ് ടെസ്ലയില്‍ നടന്ന സംഭവം ഉള്‍പ്പെട്ടിട്ടുള്ളത്. നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കമ്പനി പലപ്പോഴും വിട്ടുവീഴ്ച ചെയ്യുന്നുവെന്നും ഇത് ജീവനക്കാരെ അപകടത്തിലാക്കുന്നുവെന്നും നിലവിലുള്ളതും മുന്‍ ടെസ്ല തൊഴിലാളികളും ആരോപിച്ചു.











