
ബാങ്കോക്ക്: കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നിശാക്ലബ്ബുകളുടെയും വിനോദ വേദികളുടെയും പ്രവർത്തന സമയം നീട്ടുന്ന മന്ത്രിതല തീരുമാനത്തിന് തായ്‌ലൻഡ് കാബിനറ്റ് അംഗീകാരം നൽകിയതായി സർക്കാർ വക്താവ് ചൊവ്വാഴ്ച പറഞ്ഞു.
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി എന്നിവിടങ്ങളിലെ വിനോദ വേദികൾ, ക്ലബ്ബുകൾ, കരോക്കെ ബാറുകൾ എന്നിവ പുലർച്ചെ 4 വരെ രണ്ട് മണിക്കൂർ അധികമായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും.
ഡിസംബർ 15 ന് പുതിയ നിയമങ്ങൾ ആരംഭിക്കുമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ, റഷ്യ, ചൈന, കസാക്കിസ്ഥാന്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിസ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
വിനോദസഞ്ചാര വ്യവസായം സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമാണ്. ഉത്തേജക നടപടികളിലൂടെ തായ്‌ലൻഡിന്റെ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
തായ്‌ലന്‍ഡിലേക്ക് ഈ വര്‍ഷം ഇതുവരെ 24.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളാണ് എത്തിയത്. ഈ വര്‍ഷം കഴിയുന്നതോടെ ഇത് 28 ദശലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന് മുന്‍പ് 39.9 ദശലക്ഷം സഞ്ചാരികളാണ് തായ്‌ലന്‍ഡില്‍ എത്തിയിരുന്നത്. ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വന്‍ഇടിവാണ് നിലവില്‍ തായ്‌ലന്‍ഡ് നേരിടുന്ന പ്രതിസന്ധി.