പാര്‍ലമെന്റ് അതിക്രമത്തിനു പിന്നിലെ ലക്ഷ്യം മാധ്യമശ്രദ്ധയും രാഷ്ട്രീയപാര്‍ട്ടി രൂപീകരണവും; സ്വയം തീ കൊളുത്താനും പദ്ധതിയിട്ടു

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമം കാണിച്ചതിനു പിന്നിലെ തങ്ങളുടെ ലക്ഷ്യം മാധ്യമശ്രദ്ധ നേടുകയെന്നതായിരുന്നുവെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍. മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയും അതുവഴി പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു പ്രധാന ഉദ്ദേശം. തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്ന നിലയിലാണ് പ്രതികള്‍ പാര്‍ലമെന്റില്‍ അതിക്രമം കാട്ടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനും മാധ്യമശ്രദ്ധ നേടുന്നതിനും അവര്‍ക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. അവരുടെ പ്രത്യയശാസ്ത്രം പൊരുത്തപ്പെടാത്തതിനാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒത്തുചേരാന്‍ അവര്‍ ആഗ്രഹിച്ചില്ല. പാര്‍ലമെന്റിന് പുറത്ത് സ്വയം തീകൊളുത്താന്‍ സംഘം പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ തീപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ജെല്‍ പോലുള്ള ഒരു വസ്തു വാങ്ങാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഈ ജെല്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ശ്രമിച്ചു. അതിനായി പണം ശേഖരിച്ചു. എന്നാല്‍ പണമടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും’, സാഗര്‍ ശര്‍മ്മയെ ഉദ്ധരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ശൂന്യവേളയില്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേയ്‌ക്കേ് ചാടിയ രണ്ട് പ്രതികളില്‍ ഒരാളാണ് സാഗര്‍ ശര്‍മ.

ബുധനാഴ്ച ശൂന്യവേളയില്‍ ലഖ്നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മയും മൈസൂരില്‍ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്‍ക്കിടയിലേക്കും ചാടുകയായിരുന്നു. പ്രതിഷേധക്കാര്‍ അംഗങ്ങള്‍ ഇരിക്കുന്നിടത്ത് കളര്‍ സ്പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളില്‍ സ്‌പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവര്‍ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. മറ്റ് രണ്ട് പ്രതികള്‍ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും പുകബോംബ് ഉപയോഗിക്കുകയുമായിരുന്നു.

More Stories from this section

family-dental
witywide