
പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണിയെ കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്തനംതിട്ട എസ്പി വി അജിത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. രണ്ട് ഡിവൈഎസ്പി മാര്‍ക്കാന്‍ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കടക്കുള്ളില്‍ ജോര്‍ജ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് മണം പിടിച്ച പൊലീസ് നായ മേക്കഴൂര്‍ പാതയില്‍ താമസമില്ലാത്ത ഒരു വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഈ വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തി.
കടയുടെ അകത്തെ മുറിയിലാണ് ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയത്. മേശവലിപ്പ് തുറന്ന നിലയിലും നോട്ടുകള്‍ ചിതറിക്കിടക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്. വ്യാപാരിയുടെ കഴുത്തില്‍ ഒമ്പതുപവന്റെ മാലയുണ്ടായിരുന്നു. ഇതു നഷ്ടപ്പെട്ടിട്ടുണ്ട്. പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്നും പത്തനംതിട്ട എസ്പി സൂചിപ്പിച്ചു.
കഴുത്ത് ഞെരിച്ചാണ് ജോര്‍ജിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. രണ്ടു കൈലിമുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത്. ഇതു കണ്ടെടുത്തതായും പത്തനംതിട്ട എസ്പി വി അജിത് പറഞ്ഞു. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. ജോര്‍ജ് ആരോഗ്യവാനായ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഇയാളെ കീഴ്‌പ്പെടുത്തി കൈകാലുകള്‍ കെട്ടണമെങ്കില്‍ ഒന്നിലേറെ പേര്‍ സംഘത്തില്‍ ഉണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.











