
തിരുവനന്തപുരം: സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്ന് യോഗം വിമര്‍ശിച്ചു. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് വര്‍ധിക്കുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നും ആരോപണമുയര്‍ന്നു.
കേന്ദ്രത്തിനെതിരെ മുന്‍മുഖ്യമന്ത്രിമാര്‍ സമരം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി അതിനു തയ്യാറല്ലെന്നും യോഗം ആരോപിച്ചു. സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടത്. പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ന്നു.














