
തിരുവനന്തപുരം: പലസ്തീന്‍ എന്ന് കേള്‍ക്കുമ്പോള്‍ മുസ്ലിങ്ങളുടെ ചിത്രം മാത്രമാണ് പലര്‍ക്കും ഓര്‍മ്മ വരികയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അവിടെ ക്രൈസ്തവരുണ്ട്, അവരും കൊല്ലപ്പെടുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. 91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യേശു ജനിച്ച ബെത്‌ലഹേമില്‍ ഇത്തവണ ക്രിസ്മസ് ഉണ്ടായിരുന്നില്ല. യേശു ജനിച്ചയിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വേദിയില്‍ ചൂണ്ടിക്കാണിച്ചു. എന്ത് കൊണ്ടാണ് ഈ വേദിയില്‍ താനിത് പറയുന്നത് എന്ന് ആലോചിക്കുന്നവരുണ്ടാകാം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഗുരു സന്ദേശത്തിന്റെ തെളിച്ചം എത്തിയിരുന്നെങ്കില്‍ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് വ്യക്തമാക്കി. ഗുരുസന്ദേശം ലോകമാകെ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി വിഎന്‍ വാസവന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സ്വാമിനാഥന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.











