കൊട്ടാരക്കര: സോളര്‍ പീഡനക്കേസിലെ പരാതിക്കാരി എഴുതിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ ലൈംഗിക ആരോപണമുണ്ടായിരുന്നില്ലെന്ന് ശരണ്യ മനോജ്. കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ശരണ്യ മനോജ് എന്ന് അറിയപ്പെടുന്ന സി. മനോജ് കുമാര്‍. ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാന്‍ ഇപ്പോഴത്തെ ഭരണപക്ഷത്തുള്ള ചിലര്‍ ഇടപെട്ടു. ആരുടേയും പേര് പറയുന്നില്ല, ഏത് അന്വേഷണവുമായും സഹകരിക്കും- മനോജ് പറഞ്ഞു.
പത്തനംതിട്ട ജയിലില്‍ വച്ച് പീഡന പരാതിക്കാരി എഴുതിയ കത്ത് അഡ്വ. ഫെനി ബാലകൃഷ്ണന്‍ വഴി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ സഹായി പ്രദീപ് കോട്ടത്തലയ്ക്ക് കൈമാറി. ആ കത്ത് ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ നിര്‍ദേശ പ്രകാരം താന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ കത്തില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ ആരോപണം ഉണ്ടായിരുന്നില്ല. – മനോജ് വ്യക്തമാക്കി.
ജാമ്യത്തിലിറ്ങ്ങിയ പരാതിക്കാരി കത്ത് തിരികെ വാങ്ങിയിട്ടാണ് പത്രസമ്മേളനം നടത്തിയത്. ദല്ലാള്‍ നന്ദകുമാറാണ് കത്ത് ചാനലുകള്‍ക്ക് കൈമാറിയതെന്നും മനോജ് വെളിപ്പെടുത്തി.
അതേസമയം ഗൂഢാലോചനയില്‍ തന്നെക്കൂടി പങ്കാളിയാക്കാന്‍ പരാതിക്കാരി ശ്രമിച്ചിരുന്നു എന്ന് പി.സി. ജോര്‍ജ് ആരോപിച്ചു. ദല്ലാള്‍ നന്ദകുമാര്‍ വഴി പിണറായി വിജയനെ സന്ദര്‍ശിച്ച പരാതിക്കാരി പിന്നീട് തന്നെ വന്ന് കണ്ട് ഉമ്മന്‍ചാണ്ടിക്കെതിരെ പറയണം എന്ന് ആവശ്യപ്പെട്ടിരുന്നു. താന്‍ പറ്റില്ലെന്നു പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഏജന്‍സികളോട് പറഞ്ഞിട്ടുണ്ടെന്നും പി. സി. ജോര്‍ജ് പറഞ്ഞു.
the complainant’s letter had no reference to the sexual assault allegation against oommen chandy