
ഹ്യൂസ്റ്റൺ: സെൻറ് തോമസ് സിഎസ്ഐ ചർച്ച് നേതൃത്വം നൽകുന്ന വി ഫോർ യു, ഹ്യൂസ്റ്റൺ ഫൂഡ് ബാങ്ക്, അറ്റാക്ക് പോവേർട്ടി, ടെക്സസ് ഇൻ്റർനാഷനൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (ടിസാക്), ഫോമാ സതേൺ റീജൻ, മല്ലപ്പള്ളി അസോസിയേഷൻ എന്നീ കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫൂഡ് ഡ്രൈവ് നടത്തി.
ഗ്രേയ്റ്റർ ഹ്യൂസ്റ്റൺ സെൻറ് തോമസ് സിഎസ്ഐ ചർച്ചിൻ്റെ പാർക്കിങ് ഏരിയയിൽ നവംബർ 18 ശനിയാഴ്ച രാവിലെ 8.30 മുതലായിരുന്നു പരിപാടി. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫൂഡ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. പരിപാടി വൻ വിജയമായിരുന്നു.

ഹ്യൂസ്റ്റണിലെ അമേരിക്കൻ സമൂഹത്തിലെ ഏതാണ്ട് 250 കുടുംബങ്ങൾ ഇതിൻ്റെ ഗുണഭോക്താക്കളായി മാറി. ഏതാണ്ട് 50000 ഡോളറിൽ അധികം ചെലവു വരുന്ന സാധനങ്ങളാണ് വിതരണം ചെയ്തത്. ഗ്രോസറി, പച്ചക്കറികൾ, ശുദ്ധജലം എന്നിവയും താങ്ക്സ് ഗിവിങ് വീക്കിൻ്റെ പ്രതീകമായി ടർക്കിയും വിതരണം ചെയ്തു. ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്റ്റാഫോർഡ് പൊലീസിൻ്റെ സഹായം ഉണ്ടായിരുന്നു.

ഉച്ചയ്ക്കു ശേഷം ഹാർമണി ഫെസ്റ്റിവൽ നടത്തി. ആ പരിപാടിക്കിടെ അക്കാദമിക് മികവു പുലർത്തുന്ന രണ്ട് അമേരിക്കൻ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകി. മലയാളി ജഡ്ജ് ജൂലി മാത്യു നേതൃത്വം നൽകുന്ന ടെക്സസ് ജഡ്ജസ് അസോസിയേഷൻ നിർദേശിച്ച ഒരു നിയമ വിദ്യാർഥിനിക്കാണ് സ്കോളർഷിപ്പുകളിൽ ഒന്നു നൽകിയത്. പരിപാടിയിൽ പങ്കെടുക്കാൻ ടെക്സസിലെ 5 ജഡ്ജിമാർ എത്തിയിരുന്നു. കൂടാതെ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടി, ഏറ്റവും മികച്ച അക്കാദമിക് മികവ് പുലർത്തുന്ന ഫോർട് ബെൻഡ് ഹൈസ്കൂളിലെ ഒരു സ്കൂൾ വിദ്യാർഥിക്കും സ്കോളർഷിപ്പ് നൽകി.
ഫൂഡ് ഡ്രൈവിൽ വൊളൻ്റിയർമാരായി പ്രവർത്തിച്ച 60 കുട്ടികൾക്കുള്ള ടെക്സസ് സ്റ്റേറ്റ് സർട്ടിഫിക്കറ്റ് സ്റ്റേറ്റ് റെപ്രസെൻ്റേറ്റിവ് റോൺ റെയ്നോൾഡ്സ് വിതരണം ചെയ്തു. നിരവധി കലാപരിപാടികളും അരങ്ങേറി. വൈകിട്ട് അഞ്ചരയോടെ ഹാർമണി ഫെസ്റ്റിവൽ സമാപിച്ചു. അതിനുശേഷം മാഗിൽ വച്ച് ഫോമയുടെ ഫാമിലി നൈറ്റും സതേൺ റീജൻ്റെ ഉദ്ഘാടനവും നടന്നു.
The Food Drive and Harmony Fest in Houston gained attention with huge participation















