191 ന്റെ നിറവില്‍ ഈ ആമച്ചാര്‍!

കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിയായ ജോനാഥന്‍ എന്ന ആമയ്ക്ക് ഈ ആഴ്ച 191 വയസ്സ് തികഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (ജിഡബ്ല്യുആര്‍) പ്രകാരം 1832-ലാണ് സീഷെല്‍സ് ഭീമന്‍ ആമ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

1882-ല്‍ സീഷെല്‍സില്‍ നിന്ന് സെന്റ് ഹെലീന ദ്വീപിലേക്ക് കൊണ്ടുവന്ന വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ആമയുടെ പ്രായം കണക്കാക്കിയത്. ആ സമയത്ത് ജോനാഥന് 50 വയസ്സായിരുന്നു. ജോനാഥന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഹൃദയസ്പര്‍ശിയായ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജൊനാഥന്‍ ഉള്‍പ്പെടുന്ന ആമയിനത്തില്‍പ്പെട്ട ജീവിവര്‍ഗങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 150 വര്‍ഷത്തിനും മുകളിലാണെന്ന് ജിഡബ്ല്യുആര്‍ പറയുന്നു.

188 വയസുവരെ ജീവിച്ച തുയി മലീല എന്ന ആമയില്‍ നിന്ന് 2021-ലാണ് പ്രായക്കൂടുതലിന്റെ കിരീടം ജോനാഥന്‍ നേടിയത്. അതുവരെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും പ്രായംചെന്ന കടലാമയായിരുന്നു തുയി മലീല.

ജോനാഥന് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടെന്നും തിമിരം കാഴ്ചയെ ബാധിച്ചെന്നും പരിപാലിക്കുന്ന മൃഗഡോക്ടര്‍ പറയുന്നു. ഈ സൗമ്യനായ’ഭീമന്‍’കരയിലെ മറ്റെല്ലാ ജീവികളെയും അതിജീവിച്ചുവെന്നത് എത്രവലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ സെന്റ് ഹെലീനയുടെ ഗവര്‍ണറായിരുന്ന നിഗല്‍ ഫിലിപ്‌സ്, 1932 ഡിസംബറിലാണ് ജോനാഥന് ഔദ്യോഗിക ജന്മദിനം നല്‍കിയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

എട്ട് ബ്രിട്ടീഷ് രാജാക്കന്മാരുടെയും 40 യുഎസ് പ്രസിഡന്റുമാരുടെയും 26 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍മാരുടെയും ഭരണകാലവും കടന്നാണ് ജോനാഥന്‍ ആയുസ് നീട്ടിയത്.

കാബേജ്, വെള്ളരി, കാരറ്റ്, ചീര, ആപ്പിള്‍ എന്നിവയാണ് ജോനാഥന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളെന്നും അവന് വാഴപ്പഴം വളരെ ഇഷ്ടമാണെന്നും പരിപാലിക്കുന്നവര്‍ പറയുന്നു.

More Stories from this section

family-dental
witywide