പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം; യന്ത്രത്തകരാര്‍ ഉണ്ടായിരുന്നില്ല, കുറ്റം ഡ്രൈവറുടേതെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ജീപ്പിന് യന്ത്രത്തകരാര്‍ ഉണ്ടായിരുന്നില്ലെന്നും അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീപ്പിന്റെ ജോയിന്റ് പൊട്ടിയത് പെട്രോള്‍പമ്പിലേക്ക് ഇടിച്ചു കയറിയതിനു ശേഷമാണ്. ഡ്രൈവര്‍ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോര്‍ട്ട് നല്‍കി.

കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോവുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയ പൊലീസ് ജീപ്പ് ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ഇടിച്ച് തെറിപ്പിച്ചിരുന്നു. കാറിടിച്ച് പെട്രോളടിക്കുന്ന യന്ത്രവും തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറഞ്ഞിരുന്നു. ജീപ്പില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരും യൂണിഫോം ധരിച്ചിരുന്നില്ലെന്നും പമ്പ് ജീവനക്കാര്‍ പറഞ്ഞു. റോഡിലെ ബാരിക്കേഡ് തകര്‍ത്ത ശേഷമാണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയത്. ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നുവെന്നും സാക്ഷികള്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide