
നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം പൊതുവേദികളിൽ നിന്ന് അകന്നു നിൽക്കുകയാണ് വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര.
കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെ ആസ്പദമാക്കിയുള്ള രാജ്കുന്ദ്രയുടെ കഥ സിനിമയാവുകയാണ്. ഷാനവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിൽ ജീവിതമാണ് സിനിമയാകുന്നതെന്നാണ് സൂചന.
സിനിമ പ്രദർശനത്തിനെത്താൻ തയാറെടുക്കുമ്പേൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് രാജ് കുന്ദ്രയുടെ ട്വീറ്റാണ്. ഞങ്ങൾ വേർപിരിഞ്ഞുവെന്നാണ് എക്സിൽ കുറിച്ചിരിക്കുന്നത്. ‘ഞങ്ങൾ വേർപിരിഞ്ഞിരിക്കുകയാണ്, ഈ ദുഷ്കരമായ സമയം അതിജീവിക്കാൻ ഞങ്ങൾക്ക് അൽപം സമയം നൽകണം’ എന്നായിരുന്നു ട്വീറ്റ്.
ട്വീറ്റ് വൈറലായതോടെ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണിതെന്നാണ് ഇവർ അവകാശപ്പെടുന്നത്. കുന്ദ്രയുടെ ഏറ്റവും മോശമായ ഘട്ടത്തിൽ ശിൽപ കൂടെയുണ്ടായിരുന്നുവെന്നും ഇപ്പോഴും രണ്ടുപേരും ഒന്നിച്ചാണ് പൊതുവേദിയിൽ എത്തുന്നതെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിവാഹമോചനത്തെ കുറിച്ച് ശിൽപ ഷെട്ടി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാജ് കുന്ദ്ര നായകനാകുന്ന പുതിയ ചിത്രം ‘യു. ടി 69’ന്റെ ട്രെയിലർ പുറത്തു വന്നിരുന്നു. എസ്.വി.എസ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. 2009-ലാണ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.