ലോകം വീണ്ടും കോവിഡ് ആശങ്കയിലേക്ക്; ജെ.എന്‍.1 വേരിയന്റ് 41 രാജ്യങ്ങളിലേക്ക് വ്യാപിച്ചു, അമേരിക്കയിലും പിടിമുറുക്കുന്നു

ന്യൂയോര്‍ക്ക് : ആശ്വാസകരമായ ഇടവേളയ്ക്കുശേഷം വീണ്ടും ലോകം കോവിഡ് ഭീതിയിലേക്ക് നീങ്ങുന്നു. കോവിഡ് 19 ന് പല വേരിയന്റുകള്‍ വന്നുവെങ്കിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ജെ.എന്‍.1 അമേരിക്കയിലും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം ഇനി വരാനിരിക്കുന്ന അവധിക്കാലത്ത് രോഗവ്യാപനം രൂക്ഷമായേക്കുമെന്ന ആശങ്കയും സര്‍ക്കാര്‍ അധീനതയിലുള്ള പകര്‍ച്ചവ്യാധി നിയന്ത്രണ ഏജന്‍സി പങ്കുവെച്ചു.

യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ യു.എസില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വേരിയന്റാണ് ജെ.എന്‍.1. ഇത് നിലവില്‍ യുഎസിലെ എല്ലാ അണുബാധകളുടെയും അഞ്ചിലൊന്നില്‍ കൂടുതലായി വ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ പ്രബലമായ വേരിയന്റാണിതെന്ന് സിഡിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എച്ച് വി.1 സബ് വേരിയന്റ് ഇപ്പോഴും ദേശീയതലത്തില്‍ പ്രബലമാണ്-എന്നാല്‍ ജെഎന്‍.1 ഒട്ടും പിന്നിലല്ല. സിഡിസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡിസംബര്‍ 9-ന് അവസാനിച്ച രണ്ടാഴ്ച കാലയളവില്‍, യുഎസിലെ കോവിഡ്-19 കേസുകളില്‍ ഏകദേശം 30% എച്ച് വി.1 ആണ്. ജെഎന്‍.1 ആണ് ഏറ്റവും പ്രബലമായ രണ്ടാമത്തെ സ്‌ട്രെയിന്‍, ഏകദേശം 21% കേസുകള്‍.

ജെഎന്‍.1 നെ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചാ നിരക്കും വന്‍തോതിലുള്ള മ്യൂട്ടേഷനുകളും കാരണം ഇത് ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്. 2023 ഓഗസ്റ്റിലാണ് ജെഎന്‍.1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത് ഇതുവരെ കുറഞ്ഞത് 41 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബറില്‍ യുഎസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. മറ്റ് പുതിയ വേരിയന്റുകളെപ്പോലെ, ജെഎന്‍ 1 ഒമിക്‌റോണ്‍ കുടുംബത്തിന്റെ ഭാഗമാണ്.

More Stories from this section

family-dental
witywide