വനിത സംവരണ ബില്ല് ലോക്സഭ പാസാക്കി, ബില്ലിനെ എതിര്‍ത്തത് രണ്ടുപേര്‍ മാത്രം; 2024ല്‍ നടപ്പാക്കില്ലെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ല് ലോക്സഭ കടന്നു. ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ നേടിയാണ് ബില്ല് പാസായത്. ബില്ലില്‍ നിരവധി ഭേദഗതി പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഒന്ന് ബില്ല് നടപ്പാക്കാന്‍ മണ്ഡല പുനഃനിര്‍ണയം എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നും വനിത സംവരണം വേഗത്തില്‍ നടപ്പാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി ആവശ്യപ്പെട്ടു. രണ്ട് വനിതകള്‍ക്ക് നല്‍കുന്ന എസ്.സി-എസ്.ടി സംവരണം ഒ.ബി.സി വിഭാഗങ്ങള്‍ക്ക് കൂടി ബാധകമാക്കണം. ഇതായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യം.

എന്നാല്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് സംവരണം ഇല്ലെന്നും എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണം ഉള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വനിത സംവരണ ബില്ലില്‍ അങ്ങനെയാരു വ്യവസ്ഥ ഉള്‍പ്പെടുത്താനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ലോക്സഭയിലുണ്ടായിരുന്ന 456 അംഗങ്ങളില്‍ 454 അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ട് അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭയില്‍ ഇലക്ട്രോണിക് വോട്ടിംഗ് നടത്തുന്നതിന് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ സ്ളിപ്പ് നല്‍കിയായിരുന്നു വോട്ടെടുപ്പ്. സ്ളിപ്പ് ശേഖരിച്ച് വോട്ടുകള്‍ എണ്ണുന്നതടക്കമുള്ള നടപടികള്‍ കാരണം ബില്ല് പാസാക്കാനുള്ള നടപടികള്‍ ഏറെ നീണ്ടുപോയി. ഏതായാലും മൂന്ന് പതിറ്റാണ്ടോളം പാസാകാതെ നീണ്ടുപോയ വനിത സംവരണ ബില്ല് ലോക്സഭ കടന്നിരിക്കുന്നു.

രാഷ്ട്രീയ ലക്ഷ്യം വെച്ചാണെങ്കില്‍ പോലും പുരോഗതിയിലേക്കുള്ള ഒരു ചുവടുവെപ്പായി ഇതിനെ കാണാം. യു.പി.എ കാലത്ത് ബില്ലിനെതിരെ വലിയ രാഷ്ട്രീയ നാടകങ്ങളാണ് കണ്ടത്. സമാജ് വാദി ഉള്‍പ്പടെയുള്ള പാര്‍ടികള്‍ അന്ന് ശക്തമായ എതിര്‍പ്പാണ് ബില്ലിനെതിരെ ഉയര്‍ത്തിയത്. പിന്നീട് ബില്ലുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നു.

ഇപ്പോള്‍ ബിജെപി ബില്ല് അവതരിപ്പിച്ച് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതിന് പിന്തുണ നല്‍കാനേ കോണ്‍ഗ്രസിന് കഴിയു. ബില്ലിന്മേല്‍ സംസാരിച്ച യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി വനിത സംവരണ ബില്ലിനെ പിന്തുണക്കുമെന്ന് അറിയിച്ചു. രാജീവ് ഗാന്ധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വനിതകള്‍ക്ക് തുല്യത ഉറപ്പാക്കുക എന്ന ആശയമെന്ന് സോണിയാഗാന്ധി ചൂണ്ടിക്കാട്ടി.

ലോക്സഭ കടന്ന ബില്ല് ഇനി രാജ്യസഭയില്‍ കൂടി പാസാക്കേണ്ടതുണ്ട്. ബില്ല് പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. പക്ഷെ, വനിത സംവരണ ബില്ലിലെ വ്യവസ്ഥകള്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നടപ്പാക്കാനാകില്ല. കാരണം പുതിയ മണ്ഡല പുനഃനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും സംവരണം എന്ന് ബില്ലില്‍ തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ട്. പുതിയ മണ്ഡല പുനഃനിര്‍ണയം നടക്കണമെങ്കില്‍ പുതിയ സെന്‍സസ് നടക്കണം. സെന്‍സസ് ഇനി നടക്കുക 2026ലാകും അതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനഃനിര്‍ണയം പൂര്‍ത്തിയാകുമ്പോഴേക്കും 2029ലെ തെരഞ്ഞെടുപ്പാകും. അതുകൊണ്ട് 2029ന് എന്തായാലും സംവരണം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

The Lok Sabha passes Women’s Reservation Bill

More Stories from this section

family-dental
witywide