
ചെന്നൈ: വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം നവ ദമ്പതികളെ വീട്ടില്‍ കയറി ഒരു സംഘമാളുകള്‍ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 23 വയസ്സുള്ള മാരിശെല്‍വം, 21 വയസ്സുള്ള കാര്‍ത്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നു ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരും ഒരേ സമുദായത്തില്‍ തന്നെയുള്ളവരായിരുന്നു. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്.
എന്നാല്‍ വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിരായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നതായി വിവരമുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം. മൂന്നു ദിവസം മുന്‍പാണ് ഇയാള്‍ കാര്‍ത്തികയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് ഒരു സംഘമാളുകള്‍ എത്തുകയും ഇരുവരേയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.















