
തെരുവുനായകളെ ദത്തെടുക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ച് ഒരു ക്രൈസ്തവ വൈദികന്‍. ബ്രസീലില്‍ കരുവാരു രൂപതയിലെ വൈദികനായ ഫാദര്‍ ജോവോ പോളോ അറൗജോ ഗോമസ് ആണ് തെരുവുനായകളെ ദത്തെടുക്കാന്‍ ഇടവക ജനങ്ങളെ പ്രേരിപ്പിച്ചത്. വെറുതെ പറയുക മാത്രമല്ല, ഒരു കൂട്ടം തെരുവുനായകള്‍ക്കായി ഇദ്ദേഹം പള്ളിയുടെ വാതില്‍ തുറന്നു കൊടുക്കുകയും ചെയ്തു. തെരുവുനായയെ അടുത്തുനിര്‍ത്തി കുര്‍ബാന ചൊല്ലുന്ന ഈ വൈദികന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന നായകളെ ഫാദര്‍ ജോവോ കുളിപ്പിച്ച് ഭക്ഷണം നല്‍കി സംരക്ഷിക്കും. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കായി എത്തുമ്പോള്‍ ഏതെങ്കിലും ഒരു നായയെ കൊണ്ടുവരികയും ദത്തെടുക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. നായയെ അടുത്തുനിര്‍ത്തിയാണ് കുര്‍ബാന ചൊല്ലുന്നത്. മൃഗസ്‌നേഹിയായ ഫാദര്‍ ജോവോ 2013 മുതലാണ് തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിരവധി സന്നദ്ധപ്രവര്‍ത്തകരും മറ്റ് വൊളണ്ടിയര്‍മാരും തനിക്കൊപ്പം എല്ലാ പിന്തുണയുമായുണ്ടെന്നും ഇദ്ദേഹം പറയുന്നു.