ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രയേല്‍ ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഇസ്രയേലിലുള്ള ഏഴായിരത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതിനായി സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

18000 ഓളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതില്‍ നല്ലൊരു വിഭാഗം ടൂറിസ്റ്റുകളുമുണ്ട്. യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടേക്കും. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും ആവശ്യപ്പെട്ടിരുന്നു. പാലസ്തീനിലെ ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും നടത്തുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. നിരവധി ജീവനുകള്‍ ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു.

ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത് നിരപരാധികളുടെ ജീവന്‍ കൂടുതല്‍ നഷ്ടപ്പെടുന്നതിന് മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രായേല്‍, പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ വ്യാപകമായി പിടിച്ചെടുക്കുകയും പലസ്തീന്‍ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിന് അടിസ്ഥാനമിട്ടത്. ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.

ദ്വിരാഷ്ട്ര പരിഹാരമെന്ന യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി പാലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

More Stories from this section

family-dental
witywide