മുന്‍ മന്ത്രി കെ.ബാബുവിന് തിരിച്ചടി, തെരഞ്ഞെടുപ്പ് കേസിന് സ്റ്റേയില്ല

ന്യൂഡല്‍ഹി: തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു.

മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ.ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.സ്വരാജ് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെ.ബാബു സുപ്രീംകോടതിയില്‍ എത്തിയത്.

കേസ് പരിഗണിച്ച സുപ്രീംകോടതി സ്വരാജിന്റെ ഹൈക്കോടതിയിലെ ഹര്‍ജിയിലെ നടപടികള്‍ സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കേരള ഹൈക്കോടതിക്ക് നടപടികളുമായി മുന്നോട്ടുപോകാം. ഇതോടെ ഹര്‍ജി തള്ളിയില്ലെങ്കിലും കെ.ബാബുവിന്റെ സുപ്രീംകോടതിയിലെ കേസ് അപ്രസക്തമായി.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 992 വോട്ടുകള്‍ക്കാണ് എം.സ്വരാജിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.ബാബു പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുതല്‍ ശബരിമല വിഷയത്തില്‍ മതചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ.ബാബുവിന്റെ പ്രചരണം എന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയിലെ വാദം. വോട്ടേഴ്സ് സ്ളിപ്പില്‍ അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് എം.സ്വരാജിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പി.വി.ദിനേശ് ആവശ്യപ്പെട്ടു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ആറുമാസത്തിനകം കേസുകള്‍ തീര്‍പ്പാക്കേണ്ടതാണ്. പക്ഷെ, സുപ്രീംകോടതിയിലെ തെരഞ്ഞെടുപ്പ് കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ നിയമസഭാ കാലാവധിക്കകം തീര്‍ന്ന കേസുകള്‍ വിരളമാണെന്നും ദിനേശ് വാദിച്ചു. ഇതോടെയാണ് ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് കേസിന്റെ നടപടികള്‍ തുടരട്ടേ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. കെ.ബാബുവിന് വേണ്ടി അഭിഭാഷകനായ റോമി ചാക്കോയും ഹാജരായി.

The Supreme Court rejected the request to dismiss the Tripunithura election case

More Stories from this section

family-dental
witywide