യുഎന്‍ രക്ഷാ സമിതിയിലേക്ക് ഇന്ത്യയെ പിന്തുണക്കുമെന്ന ഉറപ്പ് ആവര്‍ത്തിച്ച് ജോ ബൈഡന്‍, ദില്ലിയില്‍ മോദി-ബൈഡന്‍ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കായി ദില്ലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ഇതിനായി രക്ഷാസമിതിയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ബൈഡന്‍ ഉറപ്പുനല്‍കി. ദില്ലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കായി വെള്ളിയാഴ്ച വൈകീട്ടാണ് ജോ ബൈഡന്‍ എത്തിയത്. പിന്നീട് രാത്രി എട്ടുമണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇരുനേതാക്കളുമ കൂടിക്കാഴ്ച നടത്തി.

പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റം, സെമികണ്ടക്‌ടർ നിർമാണം എന്നിവ ചർച്ചയായി. മൈക്രോചിപ്പ് സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും വിപുലീകരണത്തിനുമായി 300 മില്യൺ ഡോളറും ഗവേഷണം, വികസനം, എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി 400 മില്യൺ ഡോളറും അടുത്ത അഞ്ചുവർഷത്തിനിടെ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് ചര്‍ച്ചയില്‍ ബൈഡന്‍ ഉറപ്പ് നല്‍കി. കാലവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കലടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്‌തു.

ചര്‍ച്ചയില്‍ ഇരുനേതാക്കളും തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും സുസ്ഥിര വികസനം ത്വരിതപ്പെടുത്തുക, ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുക, പൊതു നയങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ആഗോളതലത്തിൽ സമവായം കെട്ടിപ്പടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇരു രാഷ്ട്രങ്ങളും മുന്നോട്ട് കൊണ്ടുപോകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

2024-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ക്വാഡ്‌ ഉച്ചകോടിയിലേക്ക് ബൈഡനെ മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിയെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ISRO) ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രസിഡന്റ് ബൈഡൻ അഭിനന്ദിച്ചു. കൂടാതെ, ബഹിരാകാശ സഹകരണത്തിന്റെ എല്ലാ മേഖലകളിലും പുതിയ പദ്ധതികൾ നടത്തുന്നതിനും നിലവിലുള്ള ഇന്ത്യ-യുഎസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന് കീഴിൽ വാണിജ്യ ബഹിരാകാശ സഹകരണത്തിനായി ഒരു വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തെയും ഇരുനേതാക്കളും സ്വാഗതം ചെയ്തു.

ക്യാൻസർ ഗവേഷണം, പ്രതിരോധം, നിയന്ത്രണം, മാനേജ്മെന്റ് എന്നിവയിൽ ഉഭയകക്ഷി ബന്ധം ദൃഡമാക്കും. കാൻസർ ജനിതകശാസ്ത്രത്തിലെ അറിവ് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ശാസ്ത്രീയവും ആരോഗ്യപരവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനുമുള്ള പ്രതിബദ്ധതയെക്കുറിച്ചും ഇരുനേതാക്കളും സംസാരിക്കുകയുണ്ടായി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുത്ത ബന്ധം വീണ്ടും ഉറപ്പിച്ചെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും പിന്നീട് സംയുക്ത പ്രസ്താവനയില്‍ ഇരുനേതാക്കളും വ്യക്തമാക്കി.

The US President has reiterated that the US will support India in the UN Security Council

More Stories from this section

family-dental
witywide