
ഗാസ: പലസ്തീനിലെ ജനങ്ങളെല്ലാം ഹമാസ് അല്ലെന്നും, ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും സാധാരണക്കാരെ ഹമാസ് മനുഷ്യകവചങ്ങളാക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സെപ്റ്റംബർ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താൽ അന്ധമായിപ്പോയെന്നും ഈ അവസ്ഥ ഇസ്രയേലിനു സംഭവിക്കരുതെന്നും ബൈഡൻ ഓർമിപ്പിച്ചു.
‘‘പ്രതികാരം നിങ്ങളെ വിഴങ്ങാതിരിക്കട്ടെ എന്നു ഞാൻ മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ 11ലെ ആക്രമണത്തിനുശേഷം യുഎസ് കോപാകുലമായ അവസ്ഥയിലായിരുന്നു. അബദ്ധങ്ങൾ ചെയ്യുമ്പോഴും അതിനു ന്യായീകരണം തേടുകയും അതു കണ്ടെത്തുകയും ചെയ്തിരുന്നു. യുഎസിനു പറ്റിയ അബദ്ധം ഇസ്രയേലിനു സംഭവിക്കരുത്.’’ ബൈഡൻ പറഞ്ഞു.
ഹമാസ് ആക്രമണത്തിന് പിന്നാലെ അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിൽ എത്തിയിരുന്നു. പശ്ചിമേഷ്യ സംഘർഷഭരിതമായി നിൽക്കെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാൻ എത്തിയ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം.
ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭാംഗംങ്ങളെയും ബൈഡൻ കണ്ടു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പലസ്തീൻ പ്രസിഡന്റിനേയും കാണാൻ ബൈഡന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രി ആക്രമണത്തോടെ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറുകയാണുണ്ടായത്.











