വനിത സംവരണ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം; തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നിര്‍ണായക നീക്കം

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടിലധികം കാലമായി വനിത സംവരണ ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. 1996 മുതല്‍ പല സര്‍ക്കാരുകളും ബില്ല് സഭയില്‍ കൊണ്ടുവന്നു. പക്ഷെ പാസാക്കാനായില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വനിതകള്‍ക്ക് ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ച് പാസാക്കി. പക്ഷെ, ബില്ല് രാജ്യസഭ കടന്നില്ല. അപ്പോഴേക്കും രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.

അങ്ങനെ കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് വഴുതിപ്പോയ വനിത സംവരണ ബില്ല് മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോവുകയാണ്. ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ല് കൊണ്ടുവരാന്‍ തീരുമാനിച്ചു. ചരിത്രപരമായ തീരുമാനം എന്നാണ് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാര്‍ പ്രതികരിച്ചത്.


നെഹ്റുവിന്റെ മിഡ്നൈറ്റ് പ്രസംഗത്തോടെ രാജ്യം ജനാധിപത്യത്തിന്റെ ആഘോഷമായി കൊണ്ടുനടന്ന ഇന്ത്യന് പാര്‍ലമെന്റ് മന്ദിരം ഇനി പഴയ പാര്‍ലമെന്റ് മന്ദിരമാണ്. ഇന്ന് മുതല്‍ ലോക്സഭയും രാജ്യസഭയും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറുകയാണ്. സംവിധാന്‍ സഭ എന്നാണ് പുതിയ മന്ദിരത്തിന്റെ പേര്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സഭകളിലാകും വനിത സംവരണ ബില്ല് മോദി സര്‍ക്കാര്‍ അവതരിക്കുക. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അജണ്ട കൂടിയായിരുന്നു വനിത സംവരണം. ആ ബില്ല് മോദി സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ അതിനെ കോണ്‍ഗ്രസ് പിന്തുണക്കാന്‍ തന്നെയാണ് സാധ്യത.

ബില്ല് പാസായാല്‍ വരാന്‍ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ 33 ശതമാനം വനിതകള്‍ എത്തും. വനിത സംവരണ ബില്ല് കൊണ്ടുവരുന്നതോടെ രാജ്യത്തെ സ്ത്രീകളുടെ വലിയ പിന്തുണ ഉറപ്പാക്കാനാകും എന്ന തന്ത്രം കൂടി നരേന്ദ്ര മോദിക്കുണ്ട്.

നിയമനിര്‍മ്മാണ സഭകളില്‍ വനിതകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. ഇടതു-വലതുപക്ഷ വനിത സംഘടനകളൊക്കെ ഇതിനായി നിരവധി തവണ പാര്‍ലമെന്റ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏതായാലും 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ല് കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെങ്കിലും ആ സമരങ്ങളുടെ വിജയമാണെന്നതില്‍ സംശയമില്ല.

The Womens Reservation Bill will be introduced in new Parliament

More Stories from this section

dental-431-x-127
witywide