
2014ല്‍ വിഭജിക്കപ്പെട്ടതിന് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതിയെ (ബിആര്‍എസ്) അട്ടിമറിച്ച് കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തിലെത്താനൊരുങ്ങുകയാണ്. ബി.ആര്‍.എസിന്റെ വേരുകള്‍ ഇളക്കിയ കോണ്‍ഗ്രസ് കൊടുങ്കാറ്റ് എങ്ങനെയാണ് തെലങ്കാനയുടെ അമരത്തേക്കെത്തുതെന്നാണ് ചര്‍ച്ചകള്‍ എല്ലാം.
ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കെസിആറിനെതിരായ ഭരണ വിരുദ്ധ വോട്ടില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായതാണ്. കെ ചന്ദ്രശേഖര്‍ റാവുവിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ചുറ്റിപ്പറ്റിയുള്ള ഭരണ വിരുദ്ധത കോണ്‍ഗ്രസ് മുതലെടുക്കുകയും ബിആര്‍എസിന്റെ പരമ്പരാഗത കോട്ടകളായ ഗ്രാമങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും വോട്ടുകളുടെ ഭൂരിഭാഗവും കോണ്‍ഗ്രസ് അനുകൂലമാക്കി.
പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആറ് പ്രധാന ക്ഷേമ വാഗ്ദാനങ്ങള്‍ നല്‍കി. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ക്ഷേമ പരിപാടിയായ മഹാലക്ഷ്മി, കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ലക്ഷ്യമിട്ട് ഋതു ഭരോസ, പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വീട് വാഗ്ദാനം ചെയ്ത ഇന്ദിരാമ്മ, വൈദ്യുതി ബില്‍ സബ്സിഡി വാഗ്ദാനം ചെയ്ത് ഗൃഹജ്യോതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും യുവവികാസം, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതി എന്നിവയാണ് തെലങ്കാനയെ പ്രീതിപ്പെടുത്തിയത്. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചു. മാത്രമല്ല ദലിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഇടയിലെ അതൃപ്തി മുതലെടുക്കുകയും ചെയ്യാനും കോണ്‍ഗ്രസിനായി.
മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന്റെ വഴിക്ക് മാറിയതായും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു, പ്രത്യേകിച്ച് ന്യൂനപക്ഷ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ‘ന്യൂനപക്ഷ പ്രഖ്യാപനം’. എഐഎംഐഎമ്മിന്റെ നഷ്ടം കോണ്‍ഗ്രസിന്റെ നേട്ടമായിരുന്നു.
ജൂലൈയില്‍ സംസ്ഥാന ബിജെപി അധ്യക്ഷ പദവി ബന്ദി സഞ്ജയ്ക്ക് പകരം ജി കിഷന്‍ റെഡ്ഡിയ്ക്ക് നല്‍കിയതും ബിജെപി സംസ്ഥാന ഘടകത്തെ ദുര്‍ബലപ്പെടുത്തി. ഇത് പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തുകയും അതിനെ കൂടുതല്‍ ദുര്‍ബലമായ നിലയിലേക്ക് നയിക്കുകയും ചെയ്തു. ഇത് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ വളരാന്‍ അനുവദിച്ചു.
കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ ക്ഷീണത്തിലാക്കി. ഈ അഴിമതി ആരോപണങ്ങളെ വേണ്ടവിധം ചെറുക്കാനും ബി.ആര്‍.എസിനായില്ല.
സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ പോരാട്ടം ശക്തമാക്കി. വീഡിയോകള്‍, മീമുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ഓണ്‍ലൈന്‍ കാമ്പെയ്നിലൂടെ കോണ്‍ഗ്രസിന്റെ മൈലേജ് കൂടി എന്നുവേണം വിലയിരുത്താന്‍.












