
ന്യൂഡൽഹി: ഗാസയിൽ ഇസ്രയേലിന്റെ ക്രൂരമായ ആക്രമണം തുടരുകയും കുട്ടികളടക്കം ആയിരക്കണക്കിന് ആളുകൾ മരിച്ചുവീഴുകയും ചെയ്യുന്ന സാഹചര്യത്തിൽ, പലതവണ ഇന്ത്യയെ സമീപിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജ.
“ഞാൻ ഇന്ത്യയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഞാൻ അവരെ പലതവണ വിളിച്ചിട്ടുണ്ട്. അവർ ഒന്നും ചെയ്തില്ല. അതുകൊണ്ട് ഞാൻ അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല.”
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയെയും അദ്ദേഹം പരാമർശിച്ചു. “ഇന്ത്യ-യുഎസ് 2+2 പ്രസ്താവന ഞങ്ങൾ കണ്ടു. അവിടെ അവർ ഇസ്രായേലിനെ പിന്തുണയ്ക്കുന്നു. അതുകൊണ്ട് ഞാൻ ഇന്ത്യയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല.”
അതേസമയം, ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഗാസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടിയേക്കുമെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അഷ്‌റഫ് അൽ ഖിദ്ര അറിയിച്ചു. അൽ ജസീറ അറബിക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വടക്കന്‍ ഗാസയില്‍ ഇതിനകം ആരോഗ്യസേവനം താറുമാറായെന്നും ആരോഗ്യ വകുപ്പിന്റെ വക്താവ് അറിയിച്ചു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ തിങ്കളാഴ്ച സേവനം അവസാനിപ്പിച്ചു. ആരോഗ്യ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം ഇല്ലാതായതിനെ തുടര്‍ന്നാണ് ആശുപത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം അല്‍-ശിഫ ആശുപത്രിയില്‍ ആറ് നവജാത ശിശുക്കള്‍ മരിച്ചിരുന്നു. 26 നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയിലാണ്.













