
കോഴിക്കോട്: രാത്രിയില്‍ പോലീസ് സ്‌റ്റേഷന്റെ മതില്‍ ചാടിക്കടന്ന് പോലീസുകാരെ മര്‍ദ്ദിച്ച മൂന്നംഗസംഘം അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി പോലീസ് സ്‌റ്റേഷനില്‍ കയറി അതിക്രമം കാണിച്ച ബാലുശ്ശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്.
രാത്രിയില്‍ സ്‌റ്റേഷന്റെ മതില്‍ ചാടി അകത്ത് കടന്ന യുവാക്കള്‍ എസ്ഐഐയെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ പിടിച്ച് ലോക്കപ്പില്‍ ഇടുകയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയുമായിരുന്നു. പിന്നീട് രാത്രി തന്നെ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂന്നു പേരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്വമേധയാ കേസെടുത്ത ശേഷം താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. അതിനു ശേഷം ഇവര്‍ സ്റ്റേഷനിലേക്ക് വീണ്ടുമെത്തുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്തിരുന്നു. പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചതിനു പിന്നാലെ രാത്രി രണ്ടാമതും ഇവര്‍ സ്റ്റേഷനിലെത്തി.
ബഹളം വെച്ച യുവാക്കളെ പോലീസ് വീണ്ടും അനുനയിപ്പിച്ചു വിട്ടു. ഏറ്റവുമൊടുവില്‍ രാത്രിയില്‍ സ്റ്റേഷന്റെ മതിലു ചാടി മൂവര്‍ സംഘം വീണ്ടും അകത്തു കയറുകയും പോലീസുകാരെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതോടെയാണ് പിടി വീണത്. അപ്പോള്‍ തന്നെ പിടിച്ച് ലോക്കപ്പിലിട്ട പ്രതികള്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുമെടുത്തു.