രജനികാന്തിന്റെ ‘ജയിലർ’ കാണാൻ ജപ്പാനിൽ നിന്നും ചെന്നൈയിലെത്തി ജാപ്പനീസ് ദമ്പതികൾ

രജനി മാനിയ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലർ കാണാൻ ചെന്നൈയിലേക്ക് എത്തിയ ജാപ്പനീസ് ദമ്പതികൾ ആണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തിയത്.

രജനികാന്തിന്റെ ‘ജയിലർ’ തിയറ്ററുകളിൽ പോസിറ്റീവ് റിവ്യൂകളോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് സിനിമ കാണാൻ ഒസാക്കയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ജാപ്പനീസ് ദമ്പതികൾ യാത്ര ചെയ്യുന്ന വീഡിയോ വൈറലായിരിക്കുന്നത്. ജാപ്പനീസ് ദമ്പതികൾ രജനികാന്തിന്റെ ചിത്രം തിയേറ്ററിൽ കണ്ടതിന്റെ ആവേശം മറ്റ് ആരാധകരുമായി പങ്കിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജപ്പാനിൽ നിന്ന് ചിത്രം കാണാനായി ചെന്നൈയിലേക്ക് എത്തിയതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകരിലൊരാളായ യസുദ ഹിഡെതോഷി പറഞ്ഞു.

ചിത്രം ആഗസ്റ്റ് 10ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്തു. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷറഫ്, രമ്യാ കൃഷ്ണൻ, തമന്ന, വിനായകൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ‘ജയിലറിന്’ സംഗീതം നൽകിയിരിക്കുന്നത്. ‘കാവാല’, ‘ഹുക്കും’ എന്നീ രണ്ട് ഗാനങ്ങളാണ് ചാർട്ട്ബസ്റ്ററുകളായി മാറിയത്.