‘അടിച്ച് പല്ലു പറിച്ചു, മൂക്കിൻ്റെ പാലം തകര്‍ത്തു’; പതിനാറുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ ആര്‍മി മേജറും ഭാര്യയും അറസ്റ്റില്‍

ഗുവാഹത്തി: കുഞ്ഞിനെ നോക്കാനായി നിര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ ആര്‍മി മേജറും ഭാര്യയും അറസ്റ്റില്‍. അസമിലെ ദിമ ഹസാവോ ജില്ലയില്‍ നിന്നുള്ള മേജര്‍ ശൈലേന്ദ്ര യാദവും ഭാര്യ കിമ്മി റാല്‍സണുമാണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെണ്‍കുട്ടിയെയാണ് ദമ്പതികള്‍ ആറുമാസമായി കൊടുംപീഡനത്തിനിരയാക്കിയത്. അടിമുടി പരിക്കുകളുള്ള പെണ്‍കുട്ടി ചികില്‍സയിലാണ് .കുട്ടിയുടെ പല്ല് പൊട്ടിയിട്ടുണ്ട്. മൂക്കിന്റെ പാലത്തിനും പൊട്ടലുണ്ട്. തലയ്ക്കടക്കം മുറിവേറ്റിട്ടുണ്ട്.

കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

ജോലിയില്‍ പിഴവുകള്‍ ആരോപിച്ച് തന്നെ നഗ്‌നയാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും ശരീരത്തില്‍ നിന്ന് രക്തം വരുന്നതുവരെ മര്‍ദ്ദിച്ച ശേഷം സ്വന്തം രക്തം നക്കാന്‍ ദമ്പതികള്‍ തന്നോടാവശ്യപ്പെടുമെന്നും പെണ്‍കുട്ടി ആരോപിച്ചു. വേസ്റ്റ്ബിന്നില്‍ നിന്ന് ഭക്ഷണം കഴിപ്പിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ റാങ്കിലുള്ള പ്രതി അയാളുടെ കുട്ടിയെ നോക്കാനാണ് പെണ്‍കുട്ടിയെ ഹിമാചല്‍ പ്രദേശിലെ പാലംപൂരിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചാണ് പെണ്‍കുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായത്. പിന്നീട് ആസാമിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പെണ്‍കുട്ടി തന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.

വീട്ടിലെത്തിയ മകളെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘അവള്‍ക്ക് 16 വയസ്സ് മാത്രമേ ഉള്ളൂ, പക്ഷേ അവള്‍ ഒരു പ്രായമായ സ്ത്രീയെപ്പോലെയായിക്കഴിഞ്ഞിരുന്നു. പല്ലുകള്‍ ഒടിഞ്ഞിരുന്നു, അവളുടെ മുഖത്ത് പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

അതേസമയം പെണ്‍കുട്ടി ഗോവണിപ്പടിയില്‍ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് പ്രതികളായ ദമ്പതികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ദിമ ഹസാവോ എസ്പി മായങ്ക് കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ മേജറിനും ഭാര്യക്കും എതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. പോക്സോ, എസ്സി/എസ്ടി നിയമങ്ങളും മറ്റ് പ്രസക്തമായ വകുപ്പുകളും ചേര്‍ത്താണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

More Stories from this section

family-dental
witywide