കരിപ്പൂർ വിമാന ദുരന്തം: അന്ന് രക്ഷകരായ കൊണ്ടോട്ടിക്കാർക്ക് ഇന്ന് കൈത്താങ്ങായി അപകടത്തിലെ ഇരകൾ

കരിപ്പൂരിൽ 2020 ഓഗസ്റ്റ് ഏഴിന് നടന്ന വിമാനദുരന്തത്തിന് മൂന്നു വർഷം തികയുമ്പോൾ, കൈമെയ് മറന്ന് സഹായിച്ച കൊണ്ടോട്ടിക്കാർക്ക് ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയാണ് അപകടത്തിലെ ഇരകൾ. മരിച്ചവരുടെ കുടുംബങ്ങളും പരുക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നവരുമെല്ലാം ചേർന്ന് നന്ദി സൂചകമായി കൊണ്ടോട്ടി ചിറയിൽ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയൊരു കെട്ടിടം പണിയുകയാണ്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു.

2022ലായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയാമെന്ന് തീരുമാനിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ നിന്നുള്ള വിഹിതമാണ് ഇതിനായി ഉപയോഗിക്കുന്നത്. മരിച്ചവരുടെ കുടുംബവും, അപകടത്തിൽ പരുക്കേറ്റവരും ഉൾപ്പെടുന്ന ചാരിറ്റബിൾ ഫൗണ്ടേഷൻ മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കെട്ടിട നിർമാണം. 35 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. ലാബ്, ഒപി, രോഗികൾക്കുള്ള ഇരിപ്പിട സൗകര്യം, ഫാർമസി എന്നിവ അടങ്ങിയതായിരിക്കും പുതിയ കെട്ടിടം.

2020 ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് 184 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് കോവിഡിന്റെ സാമൂഹിക അകലം പോലും മറന്ന് കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ഒന്നാകെ സഹായത്തിനായി ദുരന്തമുഖത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.

അപകടത്തിൽ 21 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 169 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൈലറ്റിന് റൺവേയിൽ കൃത്യമായി വിമാനമിറക്കാൻ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 72 പേരുടെ പരുക്ക് ഗുരുതരമായിരുന്നു.

അപകട സ്ഥലത്ത് നിന്നും 300 മീറ്റർ മാത്രം അകലെയുള്ള ചിറയിൽ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കുമായിരുന്നു കൊണ്ടുപോയിരുന്നത്.