പാകം ചെയ്തത് ശരിയായില്ല; തിലോപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചു മാറ്റി

ന്യൂയോര്‍ക്ക്: ശരിയായി പാകം ചെയ്യാതെ തിലോപ്പിയ മീന്‍ കഴിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി. ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. 40 കാരിയായ ലോറ ബരാജാസിന്റെ കൈകാലുകളാണ് മുറിച്ചുമാറ്റിയത്. വീടിനടുത്തുളള പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നാണ് യുവതി തിലോപ്പിയ വാങ്ങിയത്. തുടര്‍ന്ന് വീട്ടിലെത്തി പാകം ചെയ്തു കഴിക്കുകയായിരുന്നു. എന്നാല്‍ മീന്‍ ശരിയായി വേവിച്ചിരുന്നില്ലെന്നും മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിലെത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഭക്ഷണം കഴിച്ച ഉടനെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലോറയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏകദേശം 40 ദിവസത്തോളമായി ലോറ ആശുപത്രിയില്‍ കഴിയുകയാണ്. ദിവസങ്ങള്‍ക്കുളളില്‍ ലോറ കോമ അവസ്ഥയിലെത്തി. കാലുകളും വിരലുകളും ചുണ്ടുകളും കറുത്ത നിറത്തിലാകുകയും വൃക്കള്‍ തകരാറിലാകുകയും ചെയ്തതായി സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് ലോറ ജീവന്‍ നിലനിര്‍ത്തുന്നത്.

വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ജീവന്‍ രക്ഷിക്കാനായുളള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ രണ്ട് കൈകളും കാലുകളും ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റിയത്. സമുദ്രവിഭവങ്ങളിലും കടല്‍ജലത്തിലും കാണപ്പെടുന്ന മാരക ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസാണ് ലോറയുടെ ശരീരത്തിലെത്തിയത്. കടല്‍ മത്സ്യങ്ങള്‍ നന്നായി പാകം ചെയ്ത് കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് യുസിഎസ്എഫ് പകര്‍ച്ചവ്യാധി വിദഗ്ധയായ ഡോ. നടാഷ സ്‌പോട്ടിസ് വുഡ് പറഞ്ഞു.

അടുത്തിടെ സെന്‍ട്രല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിഭാഗം ഇത്തരം അണുബാധയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുറിവുകളിലൂടെയോ പൂര്‍ണമായി പാകം ചെയ്യാത്ത ചിലയിനം മത്സ്യ വിഭവങ്ങളിലൂടെയുമാണ് ഇത്തരം അണുക്കള്‍ മനുഷ്യ ശരീരത്തിലെത്തുന്നത്. ഓരോ വര്‍ഷവും 150 മുതല്‍ 200 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ വിശദമാക്കുന്നത്.

More Stories from this section

family-dental
witywide