
ഗാസ സിറ്റി: വടക്കന്‍ ഗാസ നഗരമായ ബെയ്റ്റ് ലാഹിയയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് എല്ലാം തച്ചുടച്ച് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയെന്ന് ഉറപ്പായപ്പോള്‍ വീണുകിടക്കുന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലെ ശവശരീരങ്ങള്‍ ശേഖരിക്കുകയായിരുന്നു ചിലര്‍. കിട്ടിയ മൃതദേഹങ്ങളെല്ലാം പൊതിഞ്ഞ് സംസ്‌കാരത്തിന് തയ്യാറെടുക്കവേ ഒരു നിലവിളി കേട്ടു. അത് 50 കാരനായ മഹ്മൂദ് അസാഫിന്റേതായിരുന്നു. 10 ദിവസമായി ഈ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന തന്റെ ബന്ധുക്കളുടെ രണ്ട് മക്കളെ കൊണ്ടുപോകാന്‍ മഹ്മൂദ് ആശുപത്രിയില്‍ എത്തിയതായിരുന്നു. അപ്പോഴാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്.
കസേരകള്‍ക്കടിയില്‍ അയാള്‍ വല്ലാതെ മുറിവേറ്റ് കിടക്കുകയായിരുന്നു. അയാള്‍ക്കുമുകളില്‍ നിരവധി അവശിഷ്ടങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അര്‍ധബോധാവസ്ഥയിലാണ് അയാള്‍ തന്നെക്കുറിച്ചും കുട്ടികളെ കുറിച്ചും പറഞ്ഞത്.
പക്ഷേ ആര്‍ക്കും കുട്ടികളെ കണ്ടെത്താനായില്ല, കാരണം അവിടമാകെ ശവശരീരങ്ങള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലായിരുന്നു.
മുറ്റത്തിന് പുറത്ത് മകനെ തേടി വന്ന അബു മുഹമ്മദ് കരഞ്ഞുകൊണ്ട് നിന്നു. ‘അവര്‍ കെട്ടിടം തകര്‍ത്തു, അവര്‍ ഡോക്ടര്‍മാരെ കൊന്നു, ഡോക്ടര്‍മാരെ പോലും വെറുതെ വിട്ടില്ല, അവര്‍ ഒന്നും ഉപേക്ഷിച്ചില്ല,’ അദ്ദേഹം പറഞ്ഞു.’എന്റെ മകന്‍ ഇവിടെയുണ്ട്, അവനെ എങ്ങനെ കണ്ടെത്തുമെന്ന് എനിക്കറിയില്ല,’ അവശിഷ്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് അബു മുഹമ്മദ് പറഞ്ഞു…
വടക്കന്‍ ഗാസയിലെ അവസാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായ ഈ സ്ഥാപനത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായും 80 ഓളം ഹമാസ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായും ഇസ്രയേല്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇന്‍ക്യുബേറ്ററുകളില്‍ അടക്കം ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നതായി സൈന്യം പറഞ്ഞു.
ആശുപത്രി റെയ്ഡു ചെയ്യാനെത്തിയ ഇസ്രയേല്‍ സൈന്യം ‘രോഗികളുടെ മുറികള്‍ക്ക് നേരെ വെടിയുതിര്‍ത്തു’, ജീവനക്കാരെ അറസ്റ്റ് ചെയ്തു, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കൂടാരങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്.
19000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ട ഇസ്രയേലിന്റെ പ്രതികാര ദാഹത്തില്‍ മഹ്മൂദിനെപ്പോലെ അബുവിനെപ്പോലെ ആയിരം പേരുണ്ടാകും. പ്രിയപ്പെട്ടവരെ തേടിയലഞ്ഞ് ഒടുവില്‍ അവര്‍ പറയുന്നത് ‘ഞങ്ങള്‍ക്ക് മടുത്തു. ഇസ്രായേല്‍ 1948 മുതല്‍ (ഇസ്രായേല്‍ സ്ഥാപിതമായ വര്‍ഷം) ഞങ്ങളെ കൊല്ലുന്നു… ഈ പീഡനത്തിന് പകരം നമുക്ക് വിശ്രമിക്കാന്‍ അവര്‍ ഞങ്ങളെ എല്ലാവരെയും കൊല്ലട്ടെയെന്നാണ്…’










