തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കനക്കുന്നു; ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ച പത്തു ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ച പത്തു ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി. തിരിച്ചയയ്ക്കുന്ന ബില്ലുകള്‍ സഭ വീണ്ടും പാസാക്കിയാല്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ് കീഴ്വഴക്കം. 2020ലും 2023ലും പാസാക്കിയ രണ്ടു ബില്ലുകള്‍ വീതവും കഴിഞ്ഞ വര്‍ഷം പാസാക്കിയ ആറു ബില്ലുകളുമാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചത്.

പ്രത്യേക കാരണമൊന്നും കാണിക്കാതെയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ ബില്ലുകള്‍ തിരിച്ചയച്ചതിനു പിന്നാലെ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്ലുകള്‍ വീണ്ടും പാസാക്കിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണ് ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനു പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്.

സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന് ഗവര്‍ണര്‍ തടസ്സം നില്‍ക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാര്‍ വഴി ഉന്നമിടുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. അതേസമയം ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും സഭ ബഹിഷ്‌കരിച്ചു.

More Stories from this section

family-dental
witywide