
മൂന്നാം വയസ്സില്‍ അമേരിക്കന്‍ വനിത ദത്തെടുത്തതിനെത്തുടര്‍ന്ന് ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കേണ്ടി വന്ന രാഖി എന്ന യുവതി ഇന്ത്യയിലെ വേരുകള്‍ തേടുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെണ്‍കുട്ടി മുന്‍പ് താമസിച്ചിരുന്ന ഷെല്‍ട്ടര്‍ ഹോമിന്റെ സൂപ്രണ്ടായിരുന്ന സുനിതാ നിഗത്തിനെ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ രാഖി എന്ന മഹാഗണി. ടൈംസ്ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ക്കൊപ്പമാണ് രാഖിയും സുഹൃത്ത് ക്രിസ്റ്റഫറും ലക്‌നൗവിലെ ശ്കതിനഗറിലെ സുനിതാ നിഗത്തിന്റെ വീട്ടിലെത്തിയത്. ‘എന്റെ മകള്‍ തിരിച്ചെത്തിയെന്നാണ്’ രാഖിയെ ആലിംഗനം ചെയ്തുകൊണ്ട് സുനിത പറഞ്ഞത്.
ലക്‌നൗവിലെ ഐഷ്ബാഗ് ഏരിയയിലെ ലീലാവതി ബാല്‍ഗൃഹ എന്ന ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ഹോമിന്റെ മുന്‍ സൂപ്രണ്ടാണ് സുനിത. 2000ലാ് ചാര്‍ബാഗ് റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഷെല്‍ട്ടര്‍ഹോമിലേക്ക് കൊണ്ടുവരുന്നത്. ആരോഗ്യനില പരിതാപകരമായിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രണ്ടു വര്‍ഷത്തോളം ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചു. അതിനു ശേഷമാണ് അമേരിക്കയില്‍ നിന്നുള്ള കരോള്‍ രാഖിയെ ദത്തെടുക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ കരോളിനൊപ്പമുള്ള ജീവിതം രാഖിക്ക് ദുരിതപൂര്‍ണ്ണമായിരുന്നു.
എന്നാല്‍ കരോള്‍ അങ്ങനെയുള്ള വ്യക്തിയാണെന്ന് അറിയില്ലായിരുന്നുവെന്നും വ്യാജ പ്രൊഫൈല്‍ നല്‍കിയാണ് അവര്‍ കുട്ടിയെ ദത്തെടുത്തതെന്നും സുനിത നിഗം പറഞ്ഞു. മാത്രമല്ല വര്‍ഷത്തില്‍ കുട്ടിയുടെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ രാഖി അവിടെ ദുരിതത്തിലായിരുന്നുവെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും സുനിത പറഞ്ഞു. 1994 മുതല്‍ 2014 വരെ 400 ലധികം കുട്ടികളെ പരിപാലിച്ചിട്ടുള്ളയാളാണ് സുനിത. സുനിതയ്ക്ക് ഇംഗ്ലീഷും രാഖിക്ക് ഹിന്ദിയും വശമില്ലാത്തതിനാല്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറാണ് ഇരുവര്‍ക്കുമിടയില്‍ മീഡിയേറ്ററായി നിന്ന് പരിഭാഷ നടത്തിയത്.
26 കാരിയായ രാഖി മിനസോട്ടയിലെ ഒരു കഫേയില്‍ മാനേജറായി ജോലി ചെയ്യുകയാണ്. അതോടൊപ്പം പാര്‍ട്ട് ടൈം മോഡലുമാണ്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് മൂന്നു വയസ്സുകാരിയായ രാഖിയെ വളര്‍ത്തമ്മ കരോള്‍ ബ്രാന്‍ഡ് ദത്തെടുത്തത്. 2016ല്‍ കരോള്‍ ആത്മഹത്യ ചെയ്തതിനു ശേഷമാണ് രാഖി തന്റെ ബന്ധുക്കളെ അന്വേഷിച്ചു തുടങ്ങിയത്. കരോളിന്റെ മരണ ശേഷം അവരുടെ വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് തന്നെ 2002ല്‍ ലക്നൗവില്‍ നിന്ന് ദത്തെടുത്തതാണെന്ന് കാണിക്കുന്ന രേഖകള്‍ രാഖിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നേരത്തേ രാഖി ലക്നൗവിലെത്തി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തന്റെ ബയോളജിക്കല്‍ പേരന്റ്സിനെ കണ്ടെത്താനായി ഈ മാസം യുവതി ഫോട്ടോഗ്രാഫറായ തന്റെ സുഹൃത്തിനൊപ്പം വീണ്ടും ലക്നൗവിലെത്തിയിരുന്നു.
വളര്‍ത്തമ്മയായ കരോളിനൊപ്പം യുഎസിലേക്ക് വിമാനം കയറിയതു മുതല്‍ തന്റെ കഷ്ടകാലം ആരംഭിച്ചുവെന്ന് രാഖി പറയുന്നു. ജീവിതകാലം മുഴുവന്‍ കരോള്‍ തന്നെ ദ്രോഹിച്ചുവെന്നും തന്റെ പഠനവും ഉപജീവനവും താന്‍ സ്വയം നോക്കിയെന്നും രാഖി പറഞ്ഞു. കുട്ടിക്കാലത്ത് കരോളില്‍ നിന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് രാഖി പറഞ്ഞു. തന്നെ ലൈംഗികമായി പോലും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. 18ാം വയസ്സില്‍ കരോള്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. അതിനു ശേഷം യൂണിവേഴ്സിറ്റി കാമ്പസിലാണ് താമസിച്ചത്. 20ാം വയസ്സില്‍ രാഖിയെന്ന പേരു മാറ്റി മഹാഗണി എന്നാക്കി. എരിയുന്ന മരം എന്നാണ് പേരിനര്‍ത്ഥം. ഡോക്ടറാകാന്‍ ആ്ഗ്രഹിച്ച തനിക്ക് വളര്‍ത്തമ്മയില്‍ നിന്ന് അതിനുള്ള പിന്തുണ ലഭിച്ചില്ല. അവര്‍ ഒരിക്കലും ഒരു കുട്ടിയെ ദത്തെടുക്കാന്‍ യോഗ്യയായിരുന്നില്ല. എന്നാല്‍ അവര്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അധികൃതരെ കബളിപ്പിച്ചുവെന്നും രാഖി ആരോപിച്ചു.
കരോളിന്റെ മരണത്തോടെ രാഖിയുടെ ജീവിതത്തിലെ ദുരിതങ്ങള്‍ അവസാനിച്ചു എന്നു വേണം പറയാന്‍. എന്നാല്‍ തന്റെ ബയോളജിക്കല്‍ പേരന്റ്സിനെക്കുറിച്ച് അറിയാനുള്ള അതിയായ ആഗ്രഹത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വേരുകള്‍ തേടിയുള്ള യാത്ര തുടരുന്നതിനിടെയാണ് രാഖി ഇപ്പോള്‍ സുനിത നിഗത്തിനെ കണ്ടുമുട്ടിയിരിക്കുന്നത്. സുനിതയെ കണ്ടെത്താനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അവരുമായുള്ള ബന്ധം സൂക്ഷിക്കുമെന്നും അതോടൊപ്പം തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുമെന്നും രാഖി പറഞ്ഞു.















