മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെക്ക് 68-ാം വയസിൽ മൂന്നാം വിവാഹം; നിത അംബാനിയും ലക്ഷ്മി മിത്തലും ലളിത് മോദിയും അതിഥികൾ

ലണ്ടൻ: മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായി. ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 68-കാരനായ സാല്‍വെയുടെയും ബ്രിട്ടീഷുകാരിയായ ട്രീനയുടെയും വിവാഹം. ഐപിഎൽ മുൻ മേധാവി ലളിത് മോദി, നിത അംബാനി, സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ എന്നിവരും ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

2020ല്‍ ആദ്യഭാര്യ മീനാക്ഷിയുമായുള്ള ബന്ധം പിരിഞ്ഞിരുന്നു. ഇതിൽ സാക്ഷി, സാനിയ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്.  ഏതാനും മാസങ്ങള്‍ക്ക് ശേഷം സാല്‍വെ ബ്രിട്ടീഷ് കലാകാരിയായ കരോളിനെ വിവാഹം കഴിച്ചു. ലണ്ടനിലെ പള്ളിയില്‍ നടന്ന ചടങ്ങില്‍ 15 കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കരോളിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഹരീഷ് സാൽവെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. വിവാഹത്തിനു രണ്ടു വര്‍ഷം മുന്‍പാണ് മതം മാറിയത്.

മറാത്തി കുടുംബത്തില്‍ ജനിച്ച സാല്‍വെയുടെ പിതാവ് എൻ കെ പി സാൽവെ ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റും അമ്മ അംബ്രിതി സാൽവെ ഒരു ഡോക്ടറുമായിരുന്നു. കരിയറിന്‍റെ തുടക്കത്തിൽ, മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം സാല്‍വെക്ക് ലഭിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഹരീഷ് സാല്‍വെയുടെ സ്ഥാനം. കുൽഭൂഷൺ യാദവിന്റേതുൾപ്പെടെ രാജ്യത്തെ പല ശ്രദ്ധേയമായ കേസുകളും കൈകാര്യം ചെയ്തത് സാൽവേ ആയിരുന്നു. ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതിയാണ് കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. ജാദവിനെ പ്രതിനിധീകരിക്കുന്നതിന് സാൽവെ നിയമ ഫീസ് ഇനത്തിൽ ഈടാക്കിയത് ഒരു രൂപ മാത്രമായിരുന്നു. സൽമാൻ ഖാന്റെ വാഹനാപകട കേസും സാൽവേയുടെ പ്രശസ്തി വർധിപ്പിച്ചു. 1999 മുതൽ 2002 വരെ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചു.

More Stories from this section

family-dental
witywide