
ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിലാണ് ഡല്‍ഹി. മഞ്ഞെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അന്തരീക്ഷമാകെ പുക പടര്‍ന്നിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെ വയലുകളില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കാന്‍ തുടങ്ങിയതോടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പെട്ടെന്ന് ഉയര്‍ന്നു. പത്ത് മീറ്റര്‍ ദൂരത്തില്‍ നില്‍ക്കുന്ന ആളെപ്പോലും കാണാന്‍ കഴിയാത്ത അത്രയും രൂക്ഷമായ പുകമാലിന്യമാണ് ഡല്‍ഹിയിലെ പലയിടങ്ങളിലും. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹന നിയന്ത്രണം കൂടി ഡല്‍ഹിയില്‍ കൊണ്ടുവരുന്നത്.
നവംബര്‍ 13 മുതലാണ് വാഹന നിയനന്ത്രണം. ഒറ്റ നമ്പരില്‍ അവസാനിക്കുന്ന തിയതിയില്‍ ഒറ്റ നമ്പര്‍ വാഹനങ്ങളും ഇരട്ട നമ്പരില്‍ അവസാനിക്കുന്ന തിയതിയില്‍ ഇരട്ട നമ്പര്‍ വാഹനങ്ങളും മാത്രമെ നിരത്തില്‍ ഇറങ്ങാവു. ടാക്സികള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ടൂവീലര്‍ വാഹനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. അതുപോലെ വനിതകള്‍ ഓടിക്കുന്ന കാറുകള്‍ക്കും ഒരുപക്ഷെ ഇളവ് നല്‍കിയേക്കും. നവംബര്‍ 13 മുതല്‍ 20 വരെ ഒരാഴ്ചക്കാലത്താണ് ആദ്യഘട്ടം എന്ന നിലയില്‍ വാഹന നിയന്ത്രണം കൊണ്ടുവരുന്നത്.
75 ലക്ഷം വാഹനങ്ങളാണ് ഡല്‍ഹി നഗരത്തില്‍ ഓരോ ദിവസവും ഓടുന്നത്. ഇതില്‍ 25 ലക്ഷം കാറുകളാണ്. ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വരുമ്പോള്‍ ഇതില്‍ 12.5 ലക്ഷം വാഹനങ്ങള്‍ നിരത്തില്‍ കുറയും. വാഹന നിയന്ത്രണം വരുന്ന സാഹചര്യത്തില്‍ ഡല്‍ഹി മെട്രോ സര്‍വ്വീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വായു മലിനീകരണം അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്. ലോകത്ത് ഏറ്റവും മലിനമായ അന്തരീക്ഷം ഡല്‍ഹിയിലാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അത്രക്ക് രൂക്ഷമാണ് വായു മലിനീകരണം. എല്ലാ വര്‍ഷവും ഇത് ഡല്‍ഹിയില്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ ഡല്‍ഹി ജീവിക്കാന്‍ പറ്റാത്ത നഗരമായി മാറുന്നു. പക്ഷെ ഒരുനടപടിയും സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. വായു മലിനീകരണം ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരെയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നിരവധി കുട്ടികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്.
വായു മലിനീകരണം ഇങ്ങനെ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവും കോടതി സര്‍ക്കാരുകള്‍ക്ക് നല്‍കിയതാണ്. പക്ഷെ, ഒരു പരിഹാരവും ഉണ്ടാകുന്നില്ല. കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് മാത്രമാണോ ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണം എന്നതില്‍ വ്യക്തമായ പഠനങ്ങള്‍ നടക്കുന്നുമില്ല. ശാസ്ത്രീയ പരിഹാരമാണ് ഇതില്‍ വേണ്ടതെങ്കിലും അതേ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നില്ല. ഓരോ വര്‍ഷവും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ മാത്രം ഇടെപടുന്ന സര്‍ക്കാരുകളായി കേന്ദ്രത്തിലെയും ഡല്‍ഹി സംസ്ഥാനത്തെയും സര്‍ക്കാര്‍ മാറുന്നു.
Toxic smog in Delhi air affects human life