‘ഹിസ് ഹൈനസ് സംബോധന, ഭദ്രദീപം തെളിയിക്കാന്‍ തിരുവിതാംകൂര്‍ രാജ്ഞിമാര്‍; ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പോസ്റ്റര്‍ വിവാദത്തില്‍

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. ക്ഷേത്ര പ്രവേശനവിളംബരം സ്ഥാപിതമായ ഗ്രന്ഥശാല, സനാതനധര്‍മം ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കുക എന്ന രാജകല്‍പ്പനയുടെ ഭാഗമാണെന്നാണ് പോസ്റ്ററില്‍ പറയുന്നത്. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങളടങ്ങിയ പോസ്റ്റര്‍ ഇതിനകം വിവാദത്തിലായിക്കഴിഞ്ഞു.

തിരുവിതാംകൂര്‍ രാജകുടുംബത്തെ വാനോളം പ്രകീര്‍ത്തിക്കുന്ന പോസ്റ്ററില്‍ ഗൗരി പാര്‍വതിഭായിയെ ഹിസ് ഹൈനസ് എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും ഭദ്രദീപം തെളിക്കും എന്നാണ് എഴുതിയിരിക്കുന്നത്. നിരവധിയാളുകളാണ് പോസ്റ്ററിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

രണ്ട് അഭിനവ ‘തമ്പുരാട്ടി’മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്‌കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശം. അതു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരപുരസ്‌കാരങ്ങള്‍ ദളിത് സമൂഹത്തിലെ പ്രതിഭകള്‍ക്ക് നല്‍കിവരുന്നതെന്നും അശോകന്‍ ചരുവില്‍ കുറിച്ചു.

അശോകന്‍ ചരുവിലിന്റെ കുറിപ്പ്:

തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശം. അതു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരപുരസ്‌കാരങ്ങള്‍ ദളിത് സമൂഹത്തിലെ പ്രതിഭകള്‍ക്ക് നല്‍കിവരുന്നത്. ഡോ.പല്‍പ്പു ഉള്‍പ്പടെ നിരവധി മഹാപ്രതിഭകളുടെ കണ്ണീരുവീണ സ്ഥലമാണ് തിരുവതാംകൂര്‍ കൊട്ടാരം. ആലപ്പുഴയിലെ ഗ്രാമങ്ങളില്‍ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ല. രണ്ട് അഭിനവ ‘തമ്പുരാട്ടി’മാരിലൂടെ ആ നാടുവാഴിത്ത മേധാവിത്തത്തേയും സംസ്‌കാരത്തേയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണ്.

More Stories from this section

family-dental
witywide