
തിരുവനന്തപുരം: ഷോകേസില്‍ വയ്‌ക്കേണ്ടവരല്ല ആദിവാസികള്‍ എന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ എതിര്‍പ്പുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ആദിവാസികളെ ഷോകേസ് ചെയ്യാന്‍ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ മന്ത്രി തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഫോക് ലോര്‍ അക്കാദമി അക്കാര്യം പരിശോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
കനകക്കുന്നിലെ ആദിവാസി പ്രദര്‍ശനം വലിയ രീതിയില്‍ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതിനെതിരെ സംവിധായിക ലീല സന്തോഷ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു.മനുഷ്യരെ പ്രദര്‍ശനവസ്തുവാക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്, വേറെ ഏതെങ്കിലും സമുദായക്കാരെ അവിടെ അത്തരത്തില്‍ നിര്‍ത്തിയിട്ടുണ്ടോ എന്നും ലീല സന്തോഷ് ചോദിച്ചിരുന്നു.
അതേസമയം ഫോക് ലോര്‍ അക്കാദമി ഇങ്ങനെയൊരു പ്രദര്‍ശനം സംഘടിപ്പിച്ചത് നിരുപദ്രവകരമായിട്ടാണ് ചെയ്തതെന്നും പഴയ കാര്യങ്ങള്‍ കാണിക്കുകയായിരുന്നു ഉദ്ദേശമെന്നും താനത് കണ്ടിരുന്നില്ല എന്നും മന്ത്രി വെളിപ്പെടുത്തി. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഇത്തരത്തിലുള്ള ഒരു പ്രദര്‍ശനവും നടത്തുന്നില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളീയത്തില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രദര്‍ശനം ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദര്‍ശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി മരുന്ന്, വനവിഭവങ്ങള്‍ വിറ്റഴിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.