തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന് സസ്പെൻഷൻ

ന്യൂഡൽഹി: ത്രിണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം ഡെറിക് ഒബ്രിയാനെ സസ്പെന്‍ഡ് ചെയ്തു. വർഷകാല സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെൻഷൻ. മണിപ്പൂർ വിഷയത്തില്‍ പോയിന്റ് ഓഫ് ഓർഡർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചിച്ചത്. ഡെറിക് ഒബ്രിയാന്‍ സഭ വിട്ടുപോകണമെന്നും രാജ്യസഭാ ചെയർമാന്‍ ജഗ്ദീപ് ധന്‍ഖർ ആവശ്യപ്പെട്ടു. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ചതിനെ തുടർന്ന് സഭ പ്രക്ഷുബ്ദമായി.

നടപടിക്ക് മുന്‍പ് കേന്ദ്രസർക്കാരിന്റെ ഡല്‍ഹി ബില്ലില്‍ (ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി, 2023) പ്രസംഗിച്ച ഡെറിക് ഒബ്രിയാന്‍ പ്രസംഗം ചുരുക്കാന്‍ വിസമ്മതിക്കുകയും കേന്ദ്രസർക്കാരിനെതിരായ ആരോപണങ്ങള്‍ തുടരുകയും ചെയ്തതോടെ രാജ്യസഭാ ചെയർമാന്‍ ജഗ്ദീപ് ധന്‍ഖർ പൊട്ടിത്തെറിച്ചിരുന്നു.

ത്രിണമൂല്‍ അംഗത്തിന് പബ്ലിസ്റ്റി സ്റ്റണ്ട് ശീലമാണെന്നും, സഭയുടെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള മനപൂർവ്വവും തന്ത്രപരവുമായ ശ്രമമാണ് ഇപ്പോള്‍ ഡെറിക് ഒബ്രിയാന്‍ നടത്തുന്നതെന്നും സഭാ ചെയർമാന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഇതിന്റെ തുടർച്ചയായാണ് ചെയറിനുനേരെ അനാദരവ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടി സസ്പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്.

മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി എഴുന്നേറ്റ കോൺ​ഗ്രസ് എംപിമാരായ സയ്യദ് നസീർ ഹുസൈൻ, ഇമ്രാൻ പ്രതാപ്​ഗർ, രാജീവ് ശുക്ല, ജെബി മേത്തർ തുടങ്ങിയവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ലോക്സഭാ അംഗത്വത്തിലേക്ക് തിരിച്ചെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയുടെ ഭാഗമാകും എന്ന് കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കെ സുരേഷ് അറിയിച്ചു.

More Stories from this section

family-dental
witywide