
ഗാസ: യുദ്ധം കടുത്ത ദുരിതം വിതച്ച ഗാസയിലേക്ക് സഹായങ്ങളുമായി ട്രക്കുകള്‍ എത്തിത്തുടങ്ങി. ജീവകാരുണ്യ സഹായങ്ങളുമായി ട്രക്കുകള്‍ റാഫാ അതിര്‍ത്തി കടന്നുപോകുന്നതിന്റെ ചിത്രങ്ങള്‍ ഐക്യ രാഷ്ട്രസഭ പങ്കുവെച്ചു. ആദ്യഘട്ടം എന്ന നിലയില്‍ ഒരു ദിവസം 20 ട്രക്കുകളായിരിക്കും കടത്തിവിടുക. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗാസയിലേക്ക് സഹായങ്ങളുമായി എത്തിയ ട്രക്കുകള്‍ ഈജിപ്ത് അതിര്‍ത്തിയില്‍ തടഞ്ഞിട്ടിരിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈജിപ്ത്-പലസ്തീന്‍ അതിര്‍ത്തിയായ റാഫാ കവാടം തുറക്കാന്‍ തീരുമാനമായത്.

ഒക്ടോബര്‍ 7ന് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധം ആരംഭിച്ചത്. ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ ഗാസ മുനമ്പ് അക്ഷരാര്‍ത്ഥത്തില്‍ മരണത്തുരുത്തായി മാറി. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. മരണനിരക്ക് നാലായിരം കടന്നു. പരുക്കേറ്റവരുടെ എണ്ണം 15000ത്തിന് മുകളിലാണ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സ കിട്ടാതെയും നിരവധി പേര്‍ മരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെയും രക്ഷിക്കാനാകാത്ത അവസ്ഥ.
വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ ദുരിതത്തിലായിരുന്നു ഗാസയിലെ ജനങ്ങള്‍. ഗാസയിലെ പാവപ്പെട്ട ജനങ്ങളെ ആക്രമിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലില്‍ തീവ്രവാദി ആക്രമണത്തിന് തുല്യമായ നീക്കം നടത്തിയ ഹമാസ് ഒരിക്കലും പാലസ്തീനിലെ സാധാരണക്കാര്‍ക്ക് വേണ്ടിയല്ല പോരാടുന്നതെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബൈഡന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഗാസയില്‍ സഹായം എത്തിക്കാനുള്ള നടപടികള്‍ അനുകൂലമായത്.
“These trucks are not just trucks.
— United Nations (@UN) October 20, 2023
They are a lifeline.
They are the difference between life & death for so many people in Gaza.”
At the Rafah crossing, @antonioguterres appeals once again for aid trucks to be allowed into Gaza as soon as possible. https://t.co/L4fXVI2eBF pic.twitter.com/2j8epS29ku
യുദ്ധം തുടങ്ങി പതിനാലാം ദിവസമാണ് ഗാസയിലേക്ക് ഇപ്പോള്‍ സഹായവുമായി ട്രക്കുകള്‍ കടന്നിരിക്കുന്നത്. ഗാസയിലെ ദുരിതം കണ്ട് ലോക രാജ്യങ്ങളൊക്കെ സഹായം എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഗാസയിലേക്ക് ജീവകാരുണ്യ സഹായം എത്തിക്കാന്‍ അനുവദിക്കണമെന്നും റാഫാ അതിര്‍ത്തി തുറക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം അതിര്‍ത്തിയില്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. ഈ ട്രക്കുകള്‍ വെറും ട്രക്കുകളല്ല, ഗാസയിലെ ജനങ്ങള്‍ക്ക് മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള പിടിവള്ളിയാണെന്ന് അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈജിപ്തിലെ റെഡ് ക്രസന്റിന്റെ 20 ട്രക്കുകളാണ് ആദ്യഘട്ടത്തില്‍ ഇപ്പോള്‍ റാഫാ അതിര്‍ത്തി കടന്നിരിക്കുന്നത്.
trucks with humanitarian aid crosses Rafah Border










