
ന്യൂയോര്‍ക്ക്: തിരഞ്ഞെടുപ്പ് കേസില്‍ തനിക്കെതിരായ ഗാഗ് ഉത്തരവ് പിന്‍വലിക്കണമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് ഫെഡറല്‍ അപ്പീല്‍ കോടതിയോട് ആവശ്യപ്പെട്ടു. ട്രംപിന്റെ അഭ്യര്‍ത്ഥന അപ്പീല്‍ കോടതി നിരസിച്ചാല്‍ യുഎസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപിന്റെ അഭിഭാഷകര്‍ പറഞ്ഞു. ഗാഗ് ഓര്‍ഡര്‍ ട്രംപിന്റെ അവകാശങ്ങളും അദ്ദേഹത്തെ കേള്‍ക്കുന്ന 100 ദശലക്ഷത്തിലധികം അമേരിക്കക്കാരുടെ അവകാശങ്ങളും ലംഘിക്കുന്നുവെന്നും അഭിഭാഷകര്‍ വാദിച്ചു.
സാക്ഷികളുടെ വിസ്താരത്തോട് പ്രതികരിക്കുന്നതില്‍ നിന്ന് ഗാഗ് ഓര്‍ഡര്‍ അദ്ദേഹത്തെ അന്യായമായി തടയുന്നുവെന്നും ട്രംപിന്റെ അഭിഭാഷകര്‍ പറയുന്നു. സ്റ്റേയ്ക്കായുള്ള തങ്ങളുടെ അപേക്ഷയില്‍ നവംബര്‍ 10-നകം തീരുമാനമെടുക്കാന്‍ ട്രംപിന്റെ അഭിഭാഷകര്‍ അപ്പീല്‍ കോടതിയോട് ആവശ്യപ്പെട്ടു. അപ്പീല്‍ ജഡ്ജിമാര്‍ തങ്ങളുടെ പ്രമേയം നിരസിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ പറഞ്ഞു.
2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ തന്ത്രം മെനയുന്നുവെന്ന് ആരോപിച്ച് കേസിലെ സാക്ഷികളെയും പ്രോസിക്യൂട്ടര്‍മാരെയും കോടതി ജീവനക്കാരെയും കുറിച്ച് സംസാരിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടാണ് യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കന്‍ ട്രംപിനെതിരെ ഗാഗ് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന ട്രംപിന്റെ അഭ്യര്‍ത്ഥന നിരസിച്ച ചുട്കന്‍ ഞായറാഴ്ച ഗാഗ് ഓര്‍ഡര്‍ വീണ്ടും ഏര്‍പ്പെടുത്തുകയായിരുന്നു. പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്തിനെയും സംഘത്തെയും കോടതി ജീവനക്കാരെയും സാധ്യമായ സാക്ഷികളെയും ലക്ഷ്യമിട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ട്രംപിനെ ഈ ഉത്തരവ് വിലക്കുന്നു. അതേസമയം തന്റെ നിരപരാധിത്വം സംബന്ധിച്ച കാര്യങ്ങളും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന അവകാശവാദങ്ങളും ഉറപ്പിക്കാന്‍ ട്രംപിന് ഇപ്പോഴും അനുമതിയുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി.
ഗാഗ് ഓര്‍ഡര്‍ പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസിനെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് കേസിലെ സാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. അതേസമയം തനിക്കെതിരായ കേസ് നിഷേധിച്ച ട്രംപ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ചു. തനിക്ക് മറ്റൊരവസരം ലഭിക്കാതിരിക്കാനുള്ള ആക്രമണമാണിതെന്നും ട്രംപ് വാദിച്ചു.
Trump Asks Federal Appeals Court to Lift Gag Order in Election Case