
വാഷിങ്ടൺ: ഇസ്രയേലും ഹമാസും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഗാസ മുനമ്പിൽ നിന്ന് മോചിപ്പിച്ച ബന്ദികളുടെ പ്രാരംഭ സംഘത്തിൽ യുഎസ് പൗരന്മാരുണ്ടെന്ന് ഉറപ്പാക്കാത്തതിന് ബൈഡൻ ഭരണകൂടത്തെ വിമർശിച്ചു മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
“മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഹമാസ് തിരിച്ചയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു അമേരിക്കൻ ബന്ദിയെ തിരിച്ചയച്ചിട്ടില്ലെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
“അതിന് ഒരേയൊരു കാരണമേയുള്ളൂ, നമ്മുടെ രാജ്യത്തിനോ നമ്മുടെ നേതൃത്വത്തിനോ യാതൊരു ബഹുമാനവുമില്ല. ഇത് അമേരിക്കയുടെ വളരെ സങ്കടകരവും ഇരുണ്ടതുമായ കാലഘട്ടമാണ്!”
ശനിയാഴ്ച വൈകി 17 പേരെയും വെള്ളിയാഴ്ച 24 പേരെയും ഹമാസ് വിട്ടയച്ചിരുന്നു. എന്നാല്‍ ഇതില്‍ നാലു വയസുകാരനായ അവിഗെയ്ൽ ഐഡാൻ ഉൾപ്പെടെ തടവിലാക്കിയ 10 യുഎസ് പൗരന്‍മാരില്‍ ഒരാളു പോലും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.
നാലു ദിവസത്തിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. പകരമായി ഇസ്രായേൽ തടവിലാക്കിയ 150 ഫലസ്തീനികളെ മോചിപ്പിക്കും. ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൗരന്മാരെ ഒക്ടോബർ 20-ന് വിട്ടയച്ചിനു ശേഷം ഇതുവരെയും ഒരു യുഎസ് ബന്ദികളെയും മോചിപ്പിച്ചിട്ടില്ല.