തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ട്രംപിന്റെ വിചാരണ മാര്‍ച്ച് 4ന് തുടങ്ങും; ട്രംപിന്റെ ആവശ്യം തള്ളി കോടതി

ന്യൂയോര്‍ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചൂടിനൊപ്പം മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുറ്റവിചാരണയും അമേരിക്കന്‍ രാഷ്ട്രീയത്തെ ചുട്ടുപൊള്ളിക്കുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ കഴിഞ്ഞ ദിവസം ട്രംപ് കീഴടങ്ങിയിരുന്നു. അസ്റ്റ്ലാന്റ ഫുള്‍ട്ടണ്‍ കൗണ്ടി ജയിലില്‍ കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. 13 കേസുകളിലാണ് ഇപ്പോള്‍ ട്രംപിനെതിരായ നടപടി.

കേസിന്റെ വിചാരണ ജനുവരി 2 മുതല്‍ ആരംഭിക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് 2026ലേക്ക് മാറ്റിവെക്കണം എന്നതായിരുന്നു ട്രംപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. ഈ രണ്ട് ആവശ്യവും കോടതി നിരസിച്ചു. മാര്‍ച്ച് 4ന് കേസില്‍ വിചാരണ തുടങ്ങുമെന്ന് യു.എസ്.ജില്ലാ ജഡ്ജി താനിയ ചുത്കന്‍ അറിയിച്ചു. കേസില്‍ ആറ് ആഴ്ചത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കല്‍ നടക്കും.

കേസില്‍ കാര്യക്ഷമമായ തീര്‍പ്പുണ്ടാകേണ്ടത് പൊതുജനത്തിന്റെ താല്പര്യവും അവകാശവുമാണെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കി. ഒരു കേസിലെ വിചാരണ തീരുമാനിക്കുന്നത് പ്രതികളുടെ വ്യക്തിപരമോ, തൊഴില്‍പരമോ ആയ സാഹചര്യങ്ങള്‍ പരിഗണിച്ചല്ല, അങ്ങനെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ജഡ്ജി വ്യക്തമാക്കി.

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ട്രംപ് പ്രചരണം നടത്തുന്ന തീയതിക്ക് തൊട്ടുമുമ്പാണ് കേസിലെ വിചാരണ ആരംഭിക്കുക എന്നത് ശ്രദ്ധേയമാണ്.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ പല സുപ്രധാന രേഖകളും ട്രംപ് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് ചാര്‍ജ് ചെയ്ത ആ കേസില്‍ മെയ് മാസത്തിലാണ് വിചാരണ തുടങ്ങുക. അങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണത്തിനൊപ്പം കോടതി കയറിയിറങ്ങുന്ന ട്രംപുമായി വിവാദപ്പെരുമഴയായിരിക്കും ഇത്തവണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പ്.

More Stories from this section

family-dental
witywide