വിദ്വേഷപ്രചരണത്തിനെതിരായ കേസ്; എസ്ഡിപിഐയെയും ഹമാസിനെയും പ്രീണിപ്പിക്കാനുള്ള ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ തനിക്കെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. എസ്ഡിപിഐയെയും ഹമാസിനെയും പ്രീണിപ്പിക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് രാജീവ് ചന്ദ്രശേഖര്‍ പരോക്ഷമായി പറഞ്ഞു. തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കൈകോര്‍ത്തിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ഹമാസ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണ് ഇവര്‍. ഈ പ്രീണന രാഷ്ട്രീയമാണ് കശ്മീരിലും പഞ്ചാബിലും കേരളത്തിലും നിരപരാധികളായ ജനങ്ങളുടെയും സുരക്ഷാ സൈനികരുടെയും ജീവനെടുത്തത്. ഹമാസിനെ പ്രീണിപ്പിക്കുന്നത് തുറന്നു കാട്ടിയതിനാണ് തനിക്കെതിരെ കേരള പൊലീസ് കേസെടുത്ത് ഭീഷണിപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ കേന്ദ്രമന്ത്രി ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് കൊച്ചി പൊലീസ് കേസെടുത്തിട്ടുള്ളത് സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 153 (വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

സൈബര്‍ സെല്‍ എസ്ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പോസ്റ്റിട്ടത്. സ്‌ഫോടനത്തിന് പിന്നാലെ ഇട്ട കുറിപ്പില്‍ കേരളത്തിലെ ഇടതുമുന്നണിയും കോണ്‍ഗ്രസും നടത്തുന്ന വര്‍ഗീയ പ്രീണനം കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide