
ജയ്‌സാൽമീർ: രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ബന്ധനിയ ഗ്രാമത്തിൽ ആറുവയസുകാരിയെ ട്യൂഷൻ ടീച്ചർ ബലാത്സംഗം ചെയ്തു. പ്രതിയായ മുസ്താഖിനെതിരെ സേദ്വ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാമ് സംഭവം നടന്നത്. 23 കാരനായ മുസ്താഖ്, ഒരു സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുകയാണ്. വൈകുന്നേരങ്ങളിൽ ഇയാൾ ഗ്രാമത്തിലെ പെൺകുട്ടികൾക്ക് തന്റെ വീട്ടിൽ ട്യൂഷൻ എടുക്കാറുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെൺകുട്ടി അയൽവാസിയായ മുസ്താഖിന്റെ വീട്ടിൽ ട്യൂഷനു പോയതായി വീട്ടുകാർ പറഞ്ഞതായി സേദ്വ പൊലീസ് സ്റ്റേഷൻ ഓഫീസർ പ്രേം പ്രകാശ് പറഞ്ഞു. പെൺകുട്ടി കൃത്യസമയത്ത് വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
സംഭവം അറിഞ്ഞയുടൻ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അധ്യാപനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.