
ദുബായ്: വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി യുഎസും കാനഡയും അടക്കം ആറു രാജ്യങ്ങൾക്ക് സൗജന്യ വിസ പ്രവേശനം പ്രഖ്യാപിച്ച് തുർക്കി.
സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഒമാൻ, അമേരിക്ക, ബഹ്റൈൻ, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുക. ഇതുസംബന്ധിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഉത്തരവ് ശനിയാഴ്ച തുർക്കി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
ഓരോ 180 ദിവസത്തിനുമിടയിൽ 90 ദിവസം വരെ വിസയില്ലാതെ ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തുർക്കി സന്ദർശിക്കാം. 2016ൽ ഖത്തറിനും 2017ൽ കുവൈത്തിനും ഈ ഇളവ് നൽകിയിരുന്നു.
ഈ വർഷം നവംബർ വരെയുള്ള 11 മാസത്തിനിടെ 52.7 ദശലക്ഷം വിനോദസഞ്ചാരികൾ രാജ്യത്തെത്തിയതായി തുർക്കി സാംസ്കാരിക വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു.













